ഇടുക്കി:കൊവിഡ് ആശങ്ക കണക്കിലെടുത്ത് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. രോഗ വ്യാപനം കൂടുതലുള്ള ഇടങ്ങളെ കണ്ടെയ്ൻമെൻ്റ് സോണുകളാക്കാനും വ്യാപാര സ്ഥാപനങ്ങളുടെ സമയക്രമത്തിൽ നിയന്ത്രണം കൊണ്ടുവരാനും നടപടി സ്വീകരിക്കുമെന്നും യോഗത്തിൽ ധാരണയായി. പഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ സമയക്രമം രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെയായി ക്രമീകരിക്കും.
നിയന്ത്രണങ്ങൾ കടുപ്പിച്ച് വെള്ളത്തൂവൽ പഞ്ചായത്ത് - കൊവിഡ് രോഗ വ്യാപനം
കൊവിഡ് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് വെള്ളത്തൂവൽ പഞ്ചായത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
കൊവിഡ് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് വെള്ളത്തൂവൽ പഞ്ചായത്തും നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. പഞ്ചായത്തിലെ തോക്കുപാറ ഭാഗം വരുന്ന വാർഡ് നാല് പൂർണമായും വാർഡ് മൂന്ന് ഭാഗികമായും ആയിരമേക്കർ ഉൾപ്പെടുന്ന പതിനേഴാംവാർഡ് മുഴുവനായും കണ്ടെയ്ൻമെൻ്റ് സോണായി ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ വെള്ളത്തൂവലിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തു.
പഞ്ചായത്തിലെ വാർഡ് തല ജാഗ്രതാസമിതികൾ കൂടുതൽ കാര്യക്ഷമമാക്കും. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് ക്യാമ്പുകൾ നടത്തി വാക്സിൻ വിതരണം വേഗത്തിലാക്കും. ആളുകൾ കൂട്ടം കൂടുന്നത് പോലെയുള്ള നടപടികൾ കർശനമായി നിയന്ത്രിക്കാനും സർവകക്ഷി യോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങൾ, വ്യാപാര പ്രതിനിധികൾ, ആരോഗ്യം, പൊലീസ്, വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.