ഇടുക്കി: പീരുമേട് നിയോജക മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാർഥിയായി വാഴൂർ സോമനെ പ്രഖ്യാപിച്ചു. വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാനാണ് വാഴൂർ സോമൻ. പീരുമേട്ടിലെ തൊഴിലാളി പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു. 1952-ൽ വാഴൂരിൽ കുഞ്ഞു പാപ്പന്‍റെയും പാർവതിയമ്മയുടേയും ഏഴ് മക്കളിൽ ആറാമനായാണ് അദ്ദേഹത്തിന്‍റെ ജനനം. വാഴൂർ എൻ.എസ്.എസ് സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം എൻ.എസ്.എസ് കോളേജിൽ നിന്നും പ്രീഡിഗ്രി പൂർത്തിയാക്കി. തുടര്‍ന്ന് കോട്ടയം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ടെക്‌നോളജിയില്‍ നിന്നും ഡിപ്ലോമയും, മോസ്കോ ഇന്‍റര്‍നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും സോഷ്യൽ സൈക്കോളജിയിൽ ഡിപ്ലോമയും നേടി.
കഴിഞ്ഞ 4 പതിറ്റാണ്ടായി തോട്ടം തൊഴിലാളികൾക്കിടയിലെ നിറസാന്നിധ്യമാണ് വാഴൂർ സോമൻ. പികെ വാസുദേവൻ നായരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു കൊണ്ടാണ് അദ്ദേഹം പൂർണ രാഷ്ട്രീയ പ്രവർത്തകനായത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വിദ്യാർഥി ഫെഡറേഷനിലൂടെ വളർന്ന് വന്ന വാഴൂർ സോമന്‍ പീരുമേട്ടിൽ 1977 മുതൽ ഹൈറേഞ്ച് എസ്റ്റേറ്റ് ലേബേഴ്‌സ് യൂണിയന്‍റെ സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ചു. തോട്ടം തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ള പ്രവർത്തനമായിരുന്നു അദ്ദേഹം കാഴ്‌ച വെച്ചത്. തൊഴിലാളികൾക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ വാഴൂർ സോമന്‍ പലതവണ പൊലീസിന്‍റെ ക്രൂര മർദനത്തിന് ഇരയായിട്ടുണ്ട്.