ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛനെ പ്രതിയായ പാൽരാജ് മനപൂർവം ഉപദ്രവിച്ചതാണെന്ന് (Vandiperiyar attack case accused) പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പിടിയിലായ പാല്‍രാജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഇന്ന് നടക്കും.
കൊലപാതകം നടത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി സ്ഥലത്ത് എത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ആയുധവുമായാണ് ഇയാൾ സംഭവ സ്ഥലത്തെത്തുന്നത്. തുടർന്ന് മനപൂർവം പ്രകോപനമുണ്ടാക്കി അക്രമിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.
പാല്‍രാജ് പീഡനക്കേസിൽ കുറ്റാരോപിതനായ അർജുന്‍റെ ബന്ധു : ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ (Vandiperiyar murder case) കുറ്റാരോപിതനായ അർജുന്‍റെ ബന്ധുവാണ് കുട്ടിയുടെ അച്ഛനെ ആക്രമിച്ച കേസിലെ പ്രതിയായ പാല്‍രാജ്. ഇയാൾക്ക് പെൺകുട്ടിയുടെ അച്ഛനെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നെന്നും ഇതിനായി ആയുധം കയ്യിൽ കരുതിയാണ് സ്ഥലത്തെത്തിയതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ആക്രമിക്കുന്നതിനായി മനപൂര്‍വം പ്രകോപനമുണ്ടാക്കിയ ഇയാൾ പെണ്‍കുട്ടിയുടെ അച്ഛനെ കുത്തി പരിക്കേൽപ്പിയ്‌ക്കുകയായിരുന്നു.
സംഭവം ഇങ്ങനെ : ഇന്നലെ (ജനുവരി 6) രാവിലെയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ പിതാവിനൊപ്പം മുത്തച്ഛനും ഉണ്ടായിരുന്നു. ഇരുവരും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ വഴിയരികിൽ വച്ച് പ്രതിയിയ പാൽരാജ് അശ്ലീല ആംഗ്യം കാട്ടി പ്രകോപിപ്പിച്ചു.