കേരളത്തിന് വെളിച്ചമേകാൻ വെള്ളത്തിലാണ്ടുപോയ വൈരമണി ഇതാ കൺമുന്നില്‍ ഇടുക്കി: ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു. ആയിരത്തോളം കുടുംബങ്ങളുണ്ടായിരുന്നു. പള്ളിയും സ്‌കൂളുമുണ്ടായിരുന്നു. വീടുകളും കടകളുമുണ്ടായിരുന്നു. ഈ കാണുന്ന റിസർവോയർ ഒരു കാലത്ത് വലിയ വാണിജ്യ കേന്ദ്രമായിരുന്നു. ഇത് ഇടുക്കി ഡാമിന്‍റെ റിസർവോയറായി മാറിയ വൈരമണി ഗ്രാമം. കൃത്യമായി പറഞ്ഞാല്‍ അൻപത് വർഷങ്ങൾക്ക് മുൻപ് വരെ തൊടുപുഴയില്‍ നിന്ന് കുളമാവ് വഴി കട്ടപ്പനയ്ക്കുള്ള വഴിയും ഇടത്താവളവുമായിരുന്നു ഇത്.
ഇടുക്കി അണക്കെട്ട് നിര്‍മാണം പൂര്‍ത്തിയായതോടെ വെള്ളത്തില്‍ മറഞ്ഞ വൈരമണി ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം ദൃശ്യമായി. അണക്കെട്ടിലെ ജലനിരപ്പ് 14 ശതമാനത്തില്‍ എത്തിയതോടെയാണ് ഗ്രാമം ദൃശ്യമായത്. സമീപ ഗ്രാമപ്രദേശങ്ങളായ കുതിരകുത്തി, കയനാട്ടുപാറ, വേങ്ങാനം, പുരുളി, കടാവര്‍, മുത്തിക്കണ്ടം, നടയ്ക്കവയല്‍ ഗ്രാമങ്ങളുടെ വാണിജ്യ കേന്ദ്രമായിരുന്നു വൈരമണി.
1974ല്‍ ഇടുക്കി ഡാമിന്‍റെ റിസര്‍വോയറില്‍ വെള്ളം നിറഞ്ഞപ്പോഴാണ് വൈരമണി ഗ്രാമം വിസ്മൃതിയിലായത്. അണക്കെട്ടിന്റെ നിര്‍മാണത്തിനായി ഗ്രാമത്തിലെ കുടുംബങ്ങളെ വണ്ണപ്പുറം, ചാലക്കുടി, മഞ്ഞപ്ര, കോരുത്തോട്, ചേലച്ചുവട് പ്രദേശങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ഒരു കുടുംബത്തിന് മൂന്ന് ഏക്കര്‍ വീതം സ്ഥലം നല്‍കിയാണ് മാറ്റിപ്പാർപ്പിച്ചത്.
വൈരമണിയിലെത്താന്‍ കുളമാവില്‍ നിന്ന് റിസര്‍വോയറിലൂടെ മുക്കാല്‍ മണിക്കൂര്‍ വള്ളത്തില്‍ സഞ്ചരിക്കണം. വനംവകുപ്പിന്‍റെ അനുമതിയില്ലാതെ പോകാനാകില്ല. വൈരമണിയുടെ പേരില്‍ ഇപ്പോള്‍ ശേഷിക്കുന്നത് വൈരമണി ഫോറസ്റ്റ് സ്റ്റേഷന്‍ മാത്രമാണ്. ജലനിരപ്പ് താഴ്‌ന്നപ്പോൾ 100 വര്‍ഷത്തിലധികം പഴക്കമുള്ള സെന്റ് തോമസ് പള്ളി, വീടുകളുടെയും കടകളുടെയും തറകള്‍ എന്നിവയെല്ലാം കാണാനായി. സെന്റ് തോമസ് പള്ളി പിന്നീട് സെന്റ് മേരീസ് പള്ളി എന്ന പേരില്‍ കുളമാവിലേക്കു മാറ്റിസ്ഥാപിച്ചു. മൊട്ടക്കുന്നുകള്‍ക്ക് ഇടയിലൂടെയുള്ള പഴയ വഴിയുടെ അവശിഷ്ടങ്ങളും ഇപ്പോള്‍ കാണാം.
ഇടുക്കിയില്‍ മഴയെത്തുമ്പോൾ ഡാം നിറയും. വൈരമണി വീണ്ടും വെള്ളത്തിലേക്ക് മുങ്ങി മറയും. അടുത്ത വേനലില്‍ ജലനിരപ്പ് താഴുമ്പോൾ കാണാനാകുമോ എന്ന് പറയാനാകില്ല, കേരളത്തിന് വെളിച്ചമാകാൻ വിസ്‌മൃതിയിലേക്ക് മറഞ്ഞ വൈരമണിയെ...
ഇടുക്കി ഡാം:കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിന്‍റെ നിയന്ത്രണത്തിലുള്ളതാണ് ഇടുക്കി അണക്കെട്ട്. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമുകളിലൊന്നാണിത്. മൂലമറ്റത്ത് സ്ഥിതി ചെയ്യുന്ന 780 മെഗാവാട്ട് ഹൈഡ്രോ ഇലക്‌ട്രിക് പവർ സ്റ്റേഷനാണ് ഇടുക്കി ഡാമിന്‍റെ വൈദ്യുതി ഉല്‍പാദന കേന്ദ്രം. ചെറുതോണി, കുളമാവ് അണക്കെട്ടുകൾ കൂടി ചേരുന്നതാണ് ഇടുക്കി ഡാമും ജല വൈദ്യുത പദ്ധതിയും.
1919ല്‍ തുടങ്ങിയ ആലോചനകളും അതിനെ തുടർന്ന് വർഷങ്ങളോളം നീണ്ട പരിശോധനകളും റിപ്പോർട്ടുകൾക്കും ശേഷമാണ് 1956ല്‍ സെൻട്രല്‍ വാട്ടർ കമ്മിഷൻ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് വേണ്ടി പ്രാഥമിക പരിശോധന നടത്തുന്നത്. 1963ല്‍ സെൻട്രല്‍ പ്ലാനിങ് കമ്മിഷൻ പദ്ധതിക്ക് അംഗീകാരം നല്‍കി. 1964ല്‍ നിർമാണ പ്രവർത്തനങ്ങളുടെ പ്രാഥമിക റിപ്പോർട്ട് തയ്യാറായി. 1969ല്‍ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 1976ല്‍ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഡാം ഇൻഡോ-കനേഡിയൻ പ്രൊജക്‌ടിന്‍റെ ഭാഗമായി നിർമിച്ച ഇടുക്കി ഡാം ഉദ്ഘാടനം ചെയ്‌തത്.