ഇടുക്കി: വനം റവന്യൂ വകുപ്പുകളുടെ പിടിവലിയില്‍ ഇടുക്കിയില്‍ എന്‍ സി സി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനായി ആരംഭിക്കുന്ന സത്രത്തിലെ എയര്‍സ്ട്രിപ് നിര്‍മാണം അനിശ്ചിതത്വത്തില്‍. ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് വനംവകുപ്പ് രംഗത്തെത്തിയതോടെയാണ് നിര്‍മാണം പ്രതിസന്ധിയിലായത്. വിഷയം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഉപേന്ദ്ര യാദവിനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്‍ സി സി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതായി ആരംഭിക്കുന്ന എയര്‍സ്ട്രിപ് നിര്‍മാണം അനിശ്ചിതത്വത്തില്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് വിമാനമിറിക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു പീരുമേട് സത്രത്തില്‍ എയര്‍സ്ട്രിപ്പിന്‍റെ നിര്‍മാണം ആരംഭിച്ചത്. റണ്‍വേയുടെ അടക്കം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെകുറെ പൂര്‍ത്തിയാകുകയും ചെയ്തു. ഇതിനിടയില്‍ വനം വകുപ്പ് സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശവുമായി രംഗത്തെത്തിയതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്. ഇനിയിവിടെ വിമാനമിറങ്ങണമെങ്കില്‍ വനം വകുപ്പിന്‍റെ തടസവാദങ്ങൾ പൂര്‍ണമായി നീക്കണം.
Also Read: തീയിട്ടത് വെന്‍റിലേഷന്‍ ഹോളിലൂടെ ഇന്ധനമൊഴിച്ചെന്ന് നിഗമനം ; കോമ്പയാർ സ്ഫോടനം ആസൂത്രിതമെന്ന് പൊലീസ്
സംസ്ഥാന വനം വകുപ്പ് മന്ത്രി ഇടുക്കിയിലെത്തിയപ്പോള്‍ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച നടത്തുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ.
ഒരു വർഷം ശരാശരി ആയിരം കുട്ടികൾക്ക് വിമാനം പറത്തൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിൽ എൻസിസി എയർ സ്ട്രിപ് നിർമാണം തുടങ്ങിയത്. വനംവകുപ്പിന്‍റെ പിടിവാശിയില്‍ നിലച്ചിരിക്കുന്ന നിര്‍മാണം കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടലിലൂടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ സി സിയും.