ഇടുക്കി: അതിശൈത്യത്തിൽ തണുത്തു വിറയ്‌ക്കുമ്പോഴും തെരഞ്ഞെടുപ്പ് ചൂടിലാണ് മലയോര ജില്ലയായ ഇടുക്കി. യു.ഡി.എഫിനും എൽ.ഡി.എഫിനും നല്ല വേരോട്ടമുള്ള മണ്ണിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ആരൊക്കെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുമെന്ന ചർച്ചകളും ആരംഭിച്ചു. ജില്ലയിലെ പ്രധാന മണ്ഡലമായ ഉടുമ്പൻചോലയിലും സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമായി തുടങ്ങിയിട്ടുണ്ട്.
അങ്കം മുറുക്കി മലയോരമേഖല; കച്ച കെട്ടി മുന്നണികൾ - idukki
ഭരണം നിലനിർത്താൻ എൽ.ഡി.എഫും ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങുമ്പോൾ ജനങ്ങൾ ആർക്ക് അനുകൂലമായി വിധിയെഴുതുമെന്ന കാത്തിരിപ്പിലാണ് ഇരുമുന്നണികളും
2001 മുതൽ സി.പി.എം കുത്തകയായ ഉടുമ്പൻചോലയിൽ നിന്ന് കഴിഞ്ഞ തവണ മത്സരിച്ച എം.എം മണി മന്ത്രിസഭയിലുമെത്തി. തൊഴിലാളി പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന രാഷ്‌ട്രീയ നേതാവാണ് വൈദ്യുതി മന്ത്രി കൂടിയായ എം.എം മണി. സ്വന്തം മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങളും അദ്ദേഹം യാഥാർത്ഥ്യമാക്കി. തോട്ടം തൊഴിലാളികൾ ഏറെയുള്ള മണ്ഡലത്തിൽ ഇത്തവണയും മണിയാശാൻ തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയാകും എന്ന് തന്നെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കന്നിയങ്കത്തിനിറങ്ങിയപ്പോൾ തോൽവിയായിരുന്നു മണിയാശാനെ കാത്തിരുന്നത്. എന്നാൽ 2016ൽ ഇരുമുന്നണികളും തമ്മിലുള്ള ശക്തമായ പോരാട്ടം നടന്നപ്പോൾ 1109 വോട്ടുകളോടെടെ അദ്ദേഹം വിജയിച്ചു. എന്നാൽ അന്ന് നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ട ഡി.സി.സി സെക്രട്ടറി സേനാപതി വേണു തന്നെയാണ് ഇത്തവണ യു.ഡി.എഫിന്‍റെ സാധ്യതാ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ചില പാലം വലികൾ ഇല്ലായിരുന്നു എങ്കിൽ താൻ ജയിക്കുമായിരുന്നുവെന്നാണ് വേണു പറയുന്നത്.
ഇബ്രാഹിംകുട്ടി കല്ലാറാണ് യു.ഡി.എഫ് സീറ്റിൽ മത്സരിക്കാൻ സാധ്യതയുള്ള മറ്റൊരു പ്രമുഖൻ. അതേസമയം യുവാക്കൾക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ കെ.എസ്, ജില്ലാ പ്രസിഡന്‍റ് മുകേഷ് മോഹൻ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ രാജേന്ദ്രൻ തുടങ്ങിയവരാണ് നിയമസഭ തെരഞ്ഞെടുപ്പിൽ അവസരം കാത്തിരിക്കുന്നത്. എന്നാൽ എതിർ സ്ഥാനാർഥിയായി ആര് വന്നാലും എൽ.ഡി.എഫിന് ഒരു കോട്ടവും സംഭവിക്കില്ലെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ എം.എം മണി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളാൽ മാറി നിന്നാൽ ജോയ്‌സ് ജോർജ്, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി വർഗീസ് എന്നിവരെയാകും സിപിഎം സ്ഥാനാർഥികളായി പരിഗണിക്കുക. ഭരണം നിലനിർത്താൻ എൽ.ഡി.എഫും ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങുമ്പോൾ ജനങ്ങൾ ആർക്ക് അനുകൂലമായി വിധിയെഴുതുമെന്ന കാത്തിരിപ്പിലാണ് ഇരുമുന്നണികളും.