ഇടുക്കി : രാജകുമാരി സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍ ഇത്തവണത്തെ ഭരണ സമിതി തിരഞ്ഞെടുപ്പ് മുന്‍ കാലങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. കഴിഞ്ഞ ഭരണ സമിതിയില്‍ കോണ്‍ഗ്രസിനൊപ്പം ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ്(എം) ഇത്തവണ സിപിഎമ്മിനൊപ്പം സഹകരണ സംരക്ഷണ മുന്നണിയുടെ ഭാഗമായാണ് മത്സരിച്ചത്.
ഇതോടെ യുഡിഎഫിനെ അട്ടിമറിച്ച് ഭരണം നേടാന്‍ കഴിയുമെന്ന ആത്മ വിശ്വാസമായിരുന്നു സിപിഎമ്മിന്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിമത ശബ്ദമുയര്‍ത്തി കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയവരെ ഉള്‍പ്പടെ സഹകരണ സംരക്ഷണ മുന്നണിയുടെ പാനലില്‍ എത്തിച്ച് കടുത്ത മത്സരം കാഴ്ച വയ്ക്കാനായിരുന്നു സിപിഎമ്മിന്‍റെ ശ്രമം. എന്നാല്‍ കേരള കോണ്‍ഗ്രസിന്‍റെയും(എം) കോണ്‍ഗ്രസ് വിമതരുടെയും പിന്തുണ സഹകരണ മുന്നണിക്ക് കരുത്തായില്ല.
സിപിഎം 7 സീറ്റിലും കേരള കോണ്‍ഗ്രസ്(എം) 6 സീറ്റിലുമാണ് മത്സരിച്ചത്. യുഡിഎഫില്‍ കോണ്‍ഗ്രസ് 11 സീറ്റിലും കേരള കോണ്‍ഗ്രസ് 2 സീറ്റിലും മത്സരിച്ചു. യുഡിഎഫിന് വേണ്ടി ഡീന്‍ കുര്യാക്കോസ് എംപിയും സഹകരണ സംരക്ഷണ മുന്നണിക്ക് വേണ്ടി എം.എം.മണി എംഎല്‍എയും ഉള്‍പ്പടെയുള്ളവര്‍ പ്രചാരണത്തിനിറങ്ങി.