വാല്‍പ്പാറ: വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ചുനിര്‍ത്തി ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. മലയാളികളായ ഷെല്‍ട്ടണ്‍, ജോബി എബ്രഹാം എന്നിവരെയാണ് തമിഴ്‌നാട് വനം വകുപ്പ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളെ അറസ്‌റ്റ് ചെയ്‌ത് പൊള്ളാച്ചി കോടതിയില്‍ ഹാജരാക്കിയതിന് ശേഷം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേയ്‌ക്ക് മാറ്റി.
വരയാടിനെ ബലമായി പിടിച്ചുനിര്‍ത്തി ഫോട്ടോ എടുത്തു; രണ്ട് മലയാളികള്‍ തമിഴ്‌നാട്ടില്‍ അറസ്‌റ്റില്‍ - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
ആനമല കടുവ സങ്കേതത്തിലെ വാല്‍പ്പാറ റോഡിലാണ് തമിഴ്‌നാടിന്‍റെ സംസ്ഥാന മൃഗമായ വരയനാടിനെ ബലമായി കൊമ്പില്‍ പിടിച്ചുനിര്‍ത്തി ഫോട്ടോ എടുത്തത്. കാമറ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രതികളെ പിടികൂടിയത്.
ആനമല കടുവ സങ്കേതത്തിലെ വാല്‍പ്പാറ റോഡിലായിരുന്നു സംഭവം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ വാല്‍പ്പാറയിലെത്തുന്നത് വാല്‍പ്പാറ മലനിരകളിലെ ചുരം വഴിയാണ്. ചുരത്തിലെ ആറാം നമ്പര്‍ ഹെയര്‍പിന്‍ വളവിലാണ് ഇവര്‍ വരയനാടിനെ, കൊമ്പില്‍ ബലമായി പിടിച്ച് നിര്‍ത്തി ഫോട്ടോ എടുത്തത്.
എടുത്ത ചിത്രം അവര്‍ സമൂഹമാധ്യമങ്ങളിലുടനീളം പ്രചരിപ്പിക്കുകയും ചെയ്‌തു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം കണ്ട വനം വകുപ്പ് അധികൃതര്‍ അലിയാര്‍ ചെക്ക് പോസ്‌റ്റില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറ നിരീക്ഷിച്ചപ്പോള്‍ വാഹനം കേരളത്തിലെ കോട്ടയം രജിസ്‌ട്രേഷനാണെന്ന് കണ്ടെത്തി. തമിഴ്‌നാടിന്‍റെ സംസ്ഥാന മൃഗമായ വരയനാടിനെ ചൂഷണം ചെയ്‌താല്‍ കടുത്ത നടപടിയെടുക്കുമെന്നും പിഴ ഈടാക്കുമെന്നും അണ്ണാമലൈ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്‌ടര്‍ പാര്‍ക്കവ ദേവ് പറഞ്ഞു.