ഇടുക്കി: അരികൊമ്പനില്‍ അവസാനിയ്ക്കുന്നതല്ല ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ആന പേടി. മതികെട്ടാന്‍ ചോല വനത്തില്‍ നിന്നും നാടു വിറപ്പിയ്ക്കാന്‍ ഇറങ്ങുന്ന കരിവീരന്‍മാര്‍ നിരവധിയാണ്. ഒറ്റയാന്‍മാരെ കൂടാതെ, കാട്ടാന കൂട്ടങ്ങളും ഇവിടെ അപകടകാരികളാണ്. ചിന്നക്കനാലില്‍ മനുഷ്യനും ആനയും തമ്മിലുള്ള പോരാട്ടം ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ടിലധികമായി. കൃത്യമായി പറഞ്ഞാല്‍ 2002ല്‍ 301 കോളനി അനുവദിച്ച കാലം മുതല്‍ തുടങ്ങിയ പോരാട്ടം. ഇതുവരെ ആനക്കലിയില്‍ പൊലിഞ്ഞത് 43 ജീവനുകളാണ്.
കോളനി സ്ഥാപിക്കുന്നു:2002ല്‍ ആദിവാസി പുനരധിവാസ പദ്ധതിപ്രകാരം, ചിന്നക്കനാല്‍ 301 കോളനയില്‍ 301 കുടുംബങ്ങളെ കുടിയിരുത്തിയതാണ് ആന കലിയുടെ തുടക്കത്തിന് കാരണം. മതികെട്ടാന്‍ ചോലയില്‍ നിന്നുള്ള ആനത്താരയായിരുന്നു ഇവിടം. കാട്ടാനകൾ ഒരു വനമേഖലയിൽനിന്നും മറ്റൊരു മേഖലയിലേക്കായി ഉപയോഗിക്കുന്ന പരമ്പരാഗത സഞ്ചാര മാർഗങ്ങളാണ് ആനത്താരികൾ എന്നറിയപ്പെടുന്നത്. എന്നാൽ കോളനി സ്ഥാപിക്കപ്പെട്ടതോടെ അവിടെയുണ്ടായിരുന്ന ആനത്താരികൾ നശിക്കുകയും തുടർന്ന് ഇവിടെ രൂപം കൊണ്ട ജനവാസകേന്ദ്രമായ 301 കോളനിയിൽ കാട്ടാനകൾ ഇറങ്ങി കൃഷിയും വീടുകളും നശിപ്പിക്കപ്പെടുകയും മനുഷ്യ ജീവൻ നഷപ്പെടുന്ന അവസ്ഥ സംജാതമാവുകയും ചെയ്‌തു.
ചിന്നക്കനാലിലേയും ശാന്തന്‍പാറയിലേയും കാട്ടാന ആക്രമണ പരമ്പരക്ക് കോളനി സ്ഥാപിക്കുന്നത് മുതലുള്ള ചരിത്രമുണ്ട്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ മൂലം 301ല്‍ നിന്നും പലരും കുടിയിറങ്ങി. നിലവില്‍ നാല്‍പതില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ കഴിയുന്നത്.
മുന്‍പ് കാട്ടാനകൂട്ടങ്ങള്‍ ജനവാസ മേഖലയിലൂടെ സഞ്ചരിച്ചിരിയ്ക്കുമായിരുന്നെങ്കിലും ആക്രമണങ്ങള്‍ കുറവായിരുന്നു. കഴിഞ്ഞയിടെ കൊല്ലപെട്ട വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍ ഉള്‍പ്പടെ 43 ജീവനുകളാണ്, ഇവിടെ ആനക്കലിയില്‍ പൊലിഞ്ഞ്. ചോര കൊതി മാറാത്ത കാട്ടുകൊമ്പന്‍മാര്‍ കൃഷിയിടങ്ങളിലൂടെ ചുറ്റുന്നതിനാല്‍, ഏത് നിമിഷവും മരണം മുന്‍പില്‍ കണ്ടാണ് ഇവരുടെ ജീവിതം.