ഇടുക്കി: കുമളി- മൂന്നാര്‍ സംസ്ഥാനപാതയില്‍ നില്‍ക്കുന്ന മരങ്ങള്‍ യാത്രക്കാർക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. നിരവധി അപകടങ്ങള്‍ നടന്നിട്ടും മഴക്കാലത്തിന് മുന്നോടിയായി അപകട ഭീഷണി ഉയര്‍ത്തുന്ന ചില്ലകളും മരങ്ങളും മുറിച്ച് നീക്കുന്നതിന് കൃത്യമായ നടപടികളില്ല. കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ സംസ്ഥാന പാതയില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ സ്ഥലം ഉടമ മുറിച്ച് മാറ്റണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതുവരെയും ഉടമകളുടെ ഭാഗത്ത് നിന്നോ അധികൃതരുടെ ഭാഗത്ത് നിന്നോ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഉടുമ്പന്‍ചോല, വണ്ടന്‍മേട് പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയിലായി മരങ്ങള്‍ വീണതിനെ തുടര്‍ന്ന് ആറു പേരുടെ ജീവനാണ് നഷ്ടമായത്. വിവിധ സംഭവങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നെടുങ്കണ്ടം ഫയര്‍ സ്റ്റേഷന്‍റെ പരിധിയില്‍ മരം വീണ് 27 അപകടങ്ങള്‍ ഉണ്ടായി. ഓടി കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം പതിച്ചും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴ സ്വദേശിയായ വീട്ടമ്മ മരിച്ച പാമ്പാടുംപാറ അപ്പാപ്പന്‍പടിയില്‍ മുന്‍പും സമാന രീതിയില്‍ അപകടങ്ങള്‍ നടക്കുകയും ജീവന്‍ നഷ്ടപെടുകയും ചെയ്തിട്ടുണ്ട്.
ALSO READ:ഇടുക്കിയിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റണമെന്ന് ജില്ലാ കലക്‌ടർ