ഇടുക്കി: തുടർച്ചയായുണ്ടാകുന്ന പേമാരിയും പ്രകൃതിക്ഷോഭവും മൂലം ഇടുക്കിയിലേക്ക് വരാൻ മടിച്ച് സഞ്ചാരികൾ. കൊവിഡ് ലോക്ക്ഡൗണിന് ശേഷം തുറന്നു പ്രവർത്തിക്കാനാരംഭിച്ച വിനോദ സഞ്ചാര മേഖലക്ക് പ്രകൃതി ദുരന്തങ്ങൾ കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ വരവിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.
ജില്ലയിലെ ടൂറിസം സീസണിന്‍റെ പീക്ക് പോയിന്‍റുകളിൽ ഒന്നാണ് ഒക്‌ടോബർ-നവംബർ മാസങ്ങൾ. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെയും ഉരുൾപൊട്ടലിനെയും തുടർന്ന് ടൂറിസം കേന്ദ്രങ്ങൾ അടച്ചിരുന്നു. ടൂറിസം കേന്ദ്രങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചെങ്കിലും ഇടുക്കിയിലേക്ക് സഞ്ചാരികൾ വരാൻ മടിക്കുന്നതായാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.