ഇടുക്കിയുടെ അതിജീവനത്തിന് ഉണർവായി വിനോദസഞ്ചാരം - വിനോദസഞ്ചാര കേന്ദ്രങ്ങള്‍
കാര്‍ഷികമേഖലയടക്കം കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ വിലക്കു നീങ്ങി ടൂറിസം മേഖല സജീവമാകുന്നത് ഇടുക്കിയ്ക്ക് ഉണര്‍വ്വ് പകരുന്ന കാഴ്ചയാണ്. പ്രളയത്തില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ഹൈറേഞ്ചിന് ഏക പ്രതീക്ഷയും ടൂറിസം മേഖലയാണ്.
ഇടുക്കി: വിലക്ക് നീങ്ങിയതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുന്നു. ഓണക്കാലത്തോട് അനുബന്ധിച്ചു വരും ദിവസ്സങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. പ്രളയത്തില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ഹൈറേഞ്ചിന് ഏക പ്രതീക്ഷ ടൂറിസം മേഖലയാണ്. മഴക്കെടുതിയെ തുടർന്ന് വിനോദസഞ്ചാരത്തിന് ഇടുക്കിയില്‍ വിലക്ക് നിലനിന്നിരുന്നതിനാല്‍ ടൂറിസം കേന്ദ്രങ്ങള്‍ നിശ്ചലമായിരുന്നു. എന്നാല്‍ നിലവില്‍ നിരോധനം നീങ്ങിയതോടെ വിനോദ സഞ്ചാര മേഖലകള്‍ വീണ്ടും ഉണരുകയാണ്. ജില്ലയിലെ ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ കീഴിലുള്ള ആനയിറങ്കല്‍ അടക്കമുള്ള കേന്ദ്രങ്ങളില്‍ ബോട്ടിങ് പുനരാരംഭിച്ചത് ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വ് പകരുന്നുണ്ട്. നിരോധനം നീങ്ങിയതോടെ സഞ്ചാരികളും ഇവിടേയ്ക്ക് എത്തി തുടങ്ങി. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഡി ടി പി സിയും, ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റും.