ഇടുക്കി: മലേഷ്യക്കാർ പൂവിട്ട് വെയ്ക്കുന്ന മീൻസൂപ്പ് കഴിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ മലേഷ്യയ്ക്ക് പോകണ്ട, ഇടുക്കി ജില്ലയിലെ കുരുവിള സിറ്റിയിലേക്ക് പോകാം. അവിടെ കിഴക്കേടത്ത് കെ.എൻ. രാജുവിന്‍റെ വീട്ട് മുറ്റത്ത് പൂവും ചെടിയും റെഡിയാണ്. സൂപ്പ് മുതല്‍ സാലഡും സോസും മീൻകറിയും വരെ ഈ പൂവിട്ട് കഴിക്കാം. ഇനി അതേത് പൂവെന്ന് ചോദിച്ചാല്‍ പേരും നാടുമെല്ലാം തനി വിദേശിയാണ്.
ടോർച്ച് ജിഞ്ചർ എന്നും ടോർച്ച് ലില്ലി എന്നും റെഡ് ജിഞ്ചർ ലില്ലി എന്നും അറിയപ്പെടുന്ന ചെടി ഇപ്പോൾ കുരുവിള സിറ്റിക്കാർക്ക് സുപരിചിതമാണ്. പക്ഷേ അതുപയോഗിച്ച് മീൻ കറിയും സോസും സാലഡും ഉണ്ടാക്കുന്ന വിദ്യ മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലണ്ട് എന്നിവിടങ്ങളിലാണ് പ്രസിദ്ധം.
രാജുവിന്‍റെ വീട്ടിലെ ടോർച്ച് ജിഞ്ചർ
രാജകുമാരി പഞ്ചായത്തിലെ കുരുവിള സിറ്റിയിയില്‍ കെ.എൻ. രാജുവിന്‍റെ വീട്ട് മുറ്റത്ത് പൂത്തുനില്‍ക്കുന്ന ടോർച്ച് ജിഞ്ചർ കാണാൻ നിരവധി പേരാണ് എത്തുന്നത്. ശാന്തൻപാറ പേത്തൊട്ടി ഭഗത്ത് നിന്നും രാജു ഈ ചെടി കൊണ്ടുവന്നു നട്ടതാണ്. കൽതാമരയാണ് എന്ന് കരുതിയാണ് ചെടി നട്ടതും പരിപാലിച്ചതും. പത്ത് വർഷങ്ങൾക്കു ശേഷം പൂക്കൾ വിരിഞ്ഞപ്പോഴാണ് ശരിക്കും ആളെ മനസിലായത്.
കാഴ്‌ചയില്‍ സുന്ദരൻ കഴിച്ചാല്‍ രുചികരൻ
അസാം ലക്‌സ എന്ന് കേട്ടിട്ടുണ്ടോ, സംഗതി മലേഷ്യയില്‍ ഫേമസാണ്. മീൻ കൊണ്ടുള്ള നൂഡില്‍ സൂപ്പാണ് സംഗതി. അതങ്ങ് ഇന്തോനേഷ്യയിലെ ഏറ്റവും പ്രധാന വിഭവമാണ്. ഇനി സാംബല്‍ ബാങ്കോട്ട് എന്നൊരു സാധനമുണ്ട്. ഭക്ഷണം പാകം ചെയ്യാനുള്ള സോസാണ്.
ടോർച്ച് ജിഞ്ചർ എന്നും ടോർച്ച് ലില്ലി എന്നും റെഡ് ജിഞ്ചർ ലില്ലി എന്നും അറിയപ്പെടുന്ന ചെടി ഇങ്ങനെ ഒട്ടനവധി വിഭവങ്ങളാണ് ടോർച്ച് ജിഞ്ചർ എന്ന പൂവും അതിന്‍റെ തണ്ടും ഒക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്നത്. ആസിക് ഇകാൻ മാസ് എന്ന മീൻ സ്റ്റൂ തെക്കു കഴിക്കൻ ഏഷ്യൻ രാജ്യങ്ങളില്‍ പ്രശസ്തമാണ്. എല്ലാത്തിനും നമ്മുടെ ടോർച്ച് ജിഞ്ചർ പൂവിന്‍റെ ഇതളുകൾ തന്നെ വേണം.
ഇനി പൂവിലേക്കും ചെടിയിലേക്കും വരാം
ഇളം തണുപ്പുള്ള കാലാവസ്ഥയില്‍ വളരുന്നതും പുഷ്‌പിക്കുന്നതുമായ എറ്റ്‌ലിങ്കേര എലാറ്റിയോർ എന്ന ശാസ്ത്രീയ നാമത്തിലുള്ള ടോർച്ച് ജിഞ്ചർ എന്ന ചെടിയാണ് നമ്മുടെ കഥയിലെ നായകൻ. ഇഞ്ചി ഉൾപ്പെടുന്ന സിഞ്ചിബെറേസിയേ സസ്യകുടുംബത്തിലെ അംഗമാണിത്. ഏല ചെടിയോട് സാദൃശ്യം ഉള്ള തണ്ടുകൾക്ക് മുകളിലായി ചുവന്ന നിറത്തില്‍ തട്ടുകളോടു കൂടി വിരിയുന്ന പൂക്കൾ ആരെയും ആകർഷിക്കുന്നതാണ്.
ഒരു പൂവിന് ഒരു മാസത്തിലധികം ആയുസുണ്ടാകും. ആറ് അടിയിലധികം ഉയരം വെക്കുന്ന ചെടിയില്‍ ഉണ്ടാകുന്ന പൂക്കൾ വിദേശ രാജ്യങ്ങളില്‍ അലങ്കാരത്തിനും ഉപയോഗിക്കുന്നുണ്ട്. ഭൂകാണ്ഡം മുറിച്ചു നട്ടാണ് ഇവയുടെ പ്രജനനം. ഇടുക്കി ജില്ലയിലെ മതികെട്ടാൻ ചോലയിലും വനമേഖലയോട് ചേർന്നുള്ള ഭാഗങ്ങളിലുമാണ് കൂടുതലായും വളരുന്നത്.