ഇടുക്കി :കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന അവകാശവാദവുമായി എസ്എൻഡിപി യോഗം വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി. ലൗ ജിഹാദ് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ഒരു മത വിഭാഗം മാത്രമല്ല ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ചില മതവിഭാഗങ്ങൾ മറ്റുള്ള സമുദായങ്ങളിൽ നിന്ന് ആളുകളെ ആകർഷിച്ച് പരിവർത്തനം നടത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. ഓരോരുത്തരെയും അവരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ വിടുകയാണ് ചെയ്യേണ്ടത്.
കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് തുഷാർ വെള്ളാപ്പള്ളി രാജാക്കാട്ടിൽ എൻആർ സിറ്റിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നും കുടുംബത്തോടെ മതപരിവർത്തനം നടക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് മതപരിവർത്തന സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടിരുന്നു.
കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവിന്‍റെ മിശ്രവിവാഹം സംബന്ധിച്ച വിവാദങ്ങൾക്ക് പിന്നാലെയാണ് കേരളത്തിൽ ലൗ ജിഹാദ് വിഷയം വീണ്ടും ചർച്ചയായത്. പിന്നാലെ, വിഷയത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു.