ഇടുക്കി:കുഞ്ഞ് അജീഷയ്ക്ക് കണ്‍നിറയെ ലോകം കാണണം, ചേട്ടനുമൊത്ത് കളിയ്ക്കണം. ഇരുളിന്റെ ലോകത്ത് നിന്നും ഈ കുരുന്നിനെ കൈപിടിച്ച് ഉയര്‍ത്താന്‍ കരുണയുള്ളവര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് നിര്‍ധന കുടുംബം. മൂന്ന് വയസുകാരിയാണ് ഇടുക്കി നെടുങ്കണ്ടം പാറത്തോട് പ്ലാത്തറയ്ക്കല്‍ വീട്ടില്‍ അനുവിന്റെ മകള്‍ അജീഷ.
കുസൃതി ചിരികളുമായി ഓടി നടക്കുമ്പോള്‍ തട്ടി വീഴുന്നതും, ശബ്ദത്തിനനുസരിച്ച് പ്രതികരിയ്ക്കുന്നതും കണ്ടപ്പോഴാണ് മകള്‍ക്ക് കാഴ്ച ശേഷിയില്ലെന്ന് അനുവിന് മനസിലാകുന്നത്. ഒരു കണ്ണിന് നേരിയ കാഴ്ചയുണ്ട്. കളിപ്പാട്ടങ്ങളുടെ നിറങ്ങള്‍ ഈ കണ്ണിനോട് ചേര്‍ത്ത് പിടിച്ച് അജീഷ നോക്കും. ജന്മനായുള്ള തിമിരം ശസ്ത്രക്രിയയിലൂടെ മാറ്റാമെന്നാണ് ഡോക്ടര്‍മാരുടെ ഉറപ്പ്.
കണ്ണിന് രണ്ട് ശസ്ത്രക്രിയകള്‍ ആവശ്യമുണ്ട്. എന്നാല്‍ നിര്‍ധന കുടുംബത്തിന് ചികിത്സയ്ക്കും തുടര്‍ ചെലവുകള്‍ക്കുമായി പണം കണ്ടെത്താന്‍ സാധിക്കുന്നില്ല. പ്ലസ്ടു പഠനത്തിനിടെയായിരുന്നു അനുവിന്റെ വിവാഹം.