ഇടുക്കിയില്‍ വിനോദയാത്രയ്‌ക്കായി എത്തിയ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു ഇടുക്കി: മാങ്കുളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഇന്ന് ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സ്‌കൂളിലെ വിദ്യാർഥികളായ റിച്ചാർഡ്, ജോയൽ, അർജുൻ എന്നിവരാണ് മരണപ്പെട്ടത്.
സ്‌കൂളിൽ നിന്നും വിനോദയാത്രയ്‌ക്കായി എത്തിയ വിദ്യാര്‍ഥികളാണ് മരണപ്പെട്ടത്. മുപ്പതോളം വിദ്യാർഥികളും അധ്യാപകരും ആണ് വിനോദയാത്രയ്ക്കായി മാങ്കുളത്ത് എത്തിയത്. വലിയകുട്ടിഭാഗത്ത് കുട്ടികൾ കുളിക്കാൻ ഇറങ്ങുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു.
അഞ്ച് കുട്ടികളാണ് പുഴയില്‍ കുളിക്കാൻ ഇറങ്ങിയത്. ഇതില്‍ രണ്ട് പേരെ പ്രദേശവാസികള്‍ എത്തി രക്ഷപെടുത്തിയിരുന്നു. പ്രദേശവാസികള്‍, വിദ്യാര്‍ഥികളെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.
നിലവില്‍ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരുമാസത്തിനിടെ അഞ്ച് പേരാണ് ഇതേ സ്ഥലത്ത് വച്ച് മരണപ്പെടുന്നത്.