ഇടുക്കി: കുമളിയില്‍ രാജസ്ഥാന്‍ സ്വദേശിയായ 14 കാരി ആത്മഹത്യ ചെയ്ത കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.
കുമളി സ്‌റ്റേഷനിലെ മുന്‍ എസ്‌ഐ പ്രശാന്ത് പി നായര്‍, രണ്ട് ഗ്രേഡ് എസ്‌ഐമാര്‍ എന്നിവരെയാണ് എറണാകുളം റേഞ്ച് ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ നവംബര്‍ ഏഴിനാണ് രാജസ്ഥാന്‍ സ്വദേശിയായ 14 കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അച്ഛന്‍ കുമളിയില്‍ വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു. പിതാവ് സ്വദേശത്തേക്ക് മടങ്ങിയ സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
അമ്മയുമായി വാക്കുതര്‍ക്കത്തം ഉണ്ടായതിനെ തുടര്‍ന്ന് പെൺകുട്ടി മുറിയില്‍ കയറി വാതിലടച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് അമ്മ മൊഴി നൽകിയിരുന്നത്. എന്നാൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.
Also read: ഇടമലക്കുടിയിൽ അനുമതിയില്ലാതെ പ്രവേശിച്ചു ; സുജിത് ഭക്തനെതിരെ അന്വേഷണം
തുടര്‍ന്ന് പോക്‌സോ ചുമത്തിയായിരുന്നു പൊലീസിന്‍റെ അന്വേഷണം. എന്നാല്‍ മുറിയില്‍ നിന്ന് ലഭിച്ച പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ മഹ്‌സറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം പിഴവുകള്‍ ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ ഡിവൈഎസ്പി അന്വേഷണം നടത്തി എറണാകുളം ഡിഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുമളി മുന്‍ എസ്‌ഐയും ഇപ്പോള്‍ കാലടി സ്റ്റേഷനിലെ എസ്‌ഐയുമായ പ്രശാന്ത് പി നായര്‍, ഗ്രേഡ് എസ്‌ഐമാരായ ബെര്‍ട്ടിന്‍ ജോസ്, അക്ബര്‍ സാദത്ത് എന്നിവര്‍ക്ക് എതിരെ നടപടി എടുത്തത്. കുട്ടിയുടെ മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ അന്വേഷണവും നിലച്ചു.