ഇടുക്കി: കുത്തുങ്കലില്‍ പുഴയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്‍മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശികളായ റോഷ്ണ, അജയ്, ദുലീപ് എന്നിവരാണ് മരിച്ചത്.
കുത്തുങ്കല്‍ പവര്‍ ഹൗസിന് സമീപത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അന്യ സംസ്ഥാന തൊഴിലാളികളായ ഇവരെ തൊഴില്‍ സ്ഥലത്ത് നിന്നും കാണാതാവുകയായിരുന്നു. തൊഴിലാളികളെ കാണാതായത് സംബന്ധിച്ച്, ഉടുമ്പന്‍ചോല പൊലിസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ്, പവര്‍ ഹൗസിന് സമീപത്തെ വെള്ളചാട്ടത്തില്‍ നിന്നും രണ്ട് മൃതദേഹങ്ങളും, സമീപത്ത്, പാറയിടുക്കില്‍ അകപെട്ട നിലയില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തിയത്. നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സും ഉടുമ്പന്‍ചോല പൊലിസും മണിക്കൂറുകള്‍ പണിപെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.