ഇടുക്കി : അടിമാലി കമ്പളികണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് 82,00 രൂപ തട്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയിൽ. നാലംഗ സംഘത്തിലെ മൂന്ന് പേരെയാണ് വെള്ളത്തൂവല്‍ പൊലീസ് പിടികൂടിയത്. കോതമംഗലം സ്വദേശി ജോസ്, വാരപ്പെട്ടി സ്വദേശി ബിജു, പനംകുട്ടി സ്വദേശി ജോണി എന്നിവരാണ് പിടിയിലായത്. സംഘത്തിലുള്‍പ്പെട്ട മൂവാറ്റുപുഴ സ്വദേശി രാകേഷിനായുള്ള തെരച്ചിൽ തുടരുകയാണ്.
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഘത്തിലെ മൂന്ന് പേർ പിടിയിൽ - idukki
മുക്കുപണ്ടം പണയം വച്ച് 82,00 രൂപ തട്ടിയ കേസിൽ വെള്ളത്തൂവല്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. ഫെബ്രുവരി മൂന്നിന് പിടിയിലായ ജോസ്, ബിജു ഒളിവിലുള്ള രാകേഷ് എന്നിവർ കോതമംഗലത്ത് നിന്നും വാഹനവുമായി പനംകുട്ടി എന്ന സ്ഥലത്ത് വന്നു. പിന്നീട് ജോണിയേയും വാഹനത്തില്‍ കയറ്റി കമ്പളികണ്ടത്ത് എത്തി. ആദ്യം ജോസും പിന്നീട് രാകേഷും ഓരോ മാലകള്‍ പണയപ്പെടുത്തി 82,000 രൂപ കൈക്കലാക്കി. തട്ടിപ്പ് സംഘം മടങ്ങിയ ശേഷം സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥാപനത്തിൽ ഉണ്ടായിരുന്ന സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് തട്ടിപ്പ് സംഘത്തിലേക്കെത്തിയത്.
പിടിയിലായ വാരപ്പെട്ടി സ്വദേശി ബിജുവാണ് തട്ടിപ്പിന്‍റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ സ്ഥിരമായി മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന ആളാണെന്നും ബിജുവിന്‍റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി 14 കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. വെള്ളത്തൂവല്‍ എസ്‌ഐ എംവി സ്‌കറിയ, അഡീഷണല്‍ എസ്ഐ അശോകന്‍, സിപിഒ ഷാജഹാന്‍, സതീശന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.