ഇടുക്കി: പ്രകൃതി അതിമനോഹര കാഴ്‌ചകളൊരുക്കി, സഞ്ചാരികളെ മാടിവിളിയ്ക്കുകയാണ് ഇടുക്കിയിലെ തൂവല്‍ വെള്ളച്ചാട്ടത്തിലേക്ക്. മനോഹര കാഴ്‌ചകളും മനം കുളിര്‍പ്പിക്കുന്ന അനുഭൂതിയും നല്‍കുമെങ്കിലും പതിയിരിക്കുന്ന അപകട ചുഴികള്‍ ഇവിടേക്കെത്തുന്നവര്‍ക്ക് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.
സഞ്ചാരികള്‍ക്ക് വെല്ലുവിളിയായി ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തിലെ ചുഴി അഞ്ച് വര്‍ഷത്തിനിടെ ഏഴ് ജീവനുകളാണ് തൂവല്‍ അരുവിയില്‍ പൊലിഞ്ഞത്. സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് അടിമാലി സ്വദേശികളായ രണ്ട് യുവാക്കള്‍ അപകടത്തില്‍ പെട്ടിരുന്നു.
പ്രദേശവാസിയുടെ അവസരോചിതമായ ഇടപെടലാണ് ഇവരുടെ ജീവന്‍ രക്ഷിച്ചത്. വെള്ളച്ചാട്ടത്തിന് മുകളിലെ നടപാതയിലൂടെ പോവുകയായിരുന്ന ഇവര്‍ കാല്‍ വഴുതി പാറകെട്ടിലേയ്ക്ക് വീഴുകയായിരുന്നു. വിനോദ സഞ്ചാരികള്‍ക്ക് കാഴ്‌ചകള്‍ ആസ്വദിയ്ക്കുന്നതിനായി, വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്ത് നടപ്പാലം ഒരുക്കിയിട്ടുണ്ട്.
അരക്ഷിതാവസ്ഥ സൃഷ്‌ടിച്ച് മദ്യപാന സംഘം
എന്നാല്‍, പാലം ഇരുകരകളേയും ബന്ധിപ്പിച്ചല്ല നിര്‍മിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് വള്ളികള്‍ വലിച്ച് കെട്ടിയിരിക്കുന്നതാണ് ഈ ഭാഗത്തെ സുരക്ഷ ക്രമീകരണം. പാലത്തില്‍ നിന്നും നടപ്പാതയിലേയ്ക്ക് കയറുന്നവര്‍ കാല്‍ വഴുതി വീഴാന്‍ സാധ്യത ഏറെയാണ്. പാലത്തിലെ കേഡറുകള്‍ക്കിടയിലൂടെ കുട്ടികള്‍ താഴേയ്ക്ക് പതിയ്ക്കാനും സാധ്യതയുണ്ട്.
സഞ്ചാരികള്‍ അരുവിയിലേയ്ക്ക് ഇറങ്ങുന്നത് അപകട സാധ്യത വര്‍ധിപ്പിയ്ക്കുന്നു. മിനുസമാര്‍ന്ന പാറകെട്ടുകള്‍ക്കിടയിലൂടെയാണ് അരുവി ഒഴുകുന്നത് എന്നതാണ് കാരണം. അവധി ദിവസങ്ങളില്‍ നൂറുകണക്കിന് സഞ്ചാരികള്‍ തൂവല്‍ വെള്ളച്ചാട്ടത്തിന്‍റെ കാഴ്‌ചകള്‍ ആസ്വദിയ്ക്കുന്നതിനായി ഏത്താറുണ്ട്.
പൊലീസിന്‍റെയോ സെക്യൂരിറ്റി ജീവനക്കാരുടെയോ സേവനം ഇവിടെ ലഭ്യമല്ല. ആളുകള്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നത് പ്രദേശത്ത് അരക്ഷിതാവസ്ഥയുയര്‍ത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ച് പാറകെട്ടിന് മുകളിലൂടെ നടക്കുന്നത് അപകടമുണ്ടാക്കാനിടെയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
നിലവിലെ നടപ്പാലം ഇരുകരകളെയും ബന്ധിപ്പിയ്ക്കണം. വെള്ളച്ചാട്ടം പതിയ്ക്കുന്ന ഭാഗത്ത് സഞ്ചാരികള്‍ക്ക് നില്‍ക്കുന്നതിനായി ക്രമീകരണം ഏര്‍പ്പെടുത്തണമെന്നിങ്ങനെയാണ് പ്രദേശവാസികളുടെ ആവശ്യം. ഇനിയും ജീവനുകള്‍ പൊലിയുന്നതിന് മുന്‍പേ അധികാരികള്‍ കണ്ണ് തുറക്കണമെന്ന് ഇവര്‍ പറയുന്നു.
ALSO READ:'സേവനം സ്വന്തം നാടിന്, അതാണ് സ്വപ്‌നം'; സിവിൽ സർവീസ് ആറാം റാങ്കുകാരി