ഇടുക്കി:തൊടുപുഴ വെങ്ങല്ലൂരില്‍ ഷെറോണ്‍ കള്‍ച്ചറല്‍ സെന്‍ററില്‍ കൊവിഡ് സെക്കൻഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ (സിഎസ്എല്‍റ്റിസി) പ്രവര്‍ത്തന സജ്ജമായി. തൊടുപുഴയിലെ രണ്ടാമത്തെ സംരംഭമാണിത്. ആരോഗ്യ വകുപ്പിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സിഎസ്എല്‍റ്റിസിയിലെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത് തൊടുപുഴ നഗരസഭയാണ്. എന്‍എച്ച്എംന്‍റെ നേതൃത്വത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട കൊവിഡ് രോഗികളെയാണ് സിഎസ്എല്‍റ്റിസിയില്‍ പ്രവേശിപ്പിക്കുക. പനി, കടുത്ത തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ കൂടാതെ ജലദോഷ ലക്ഷണങ്ങളുള്ള 60 വയസിന് മുകളിലുള്ളവര്‍, ദീര്‍ഘകാല കരള്‍, വൃക്ക, ശ്വാസകോശ രോഗങ്ങളുള്ളവര്‍, ഹൃദ്രോഗികള്‍, പ്രമേഹമുള്ളവര്‍, അര്‍ബുദ രോഗികള്‍, ഗര്‍ഭിണികള്‍, എച്ച്‌ഐവി ബാധിതര്‍ തുടങ്ങിയവരാണ് കാറ്റഗറി ബിയിലുള്ളത്.