ഇടുക്കി: 'ഒരു നായ്‌ക്കുട്ടിയെ രക്ഷിക്കാമോ…' വ്യാഴാഴ്‌ച(7.07.2022) വൈകിട്ട് ഏഴരയോടെ തൊടുപുഴ ഫയർ സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചയാൾ ചോദിച്ചത് ഇങ്ങനെ. റോഡ് പണിക്കായി കൊണ്ടുവന്ന ടാറിൽ രണ്ട് ദിവസമായി അനങ്ങാൻ പോലുമാകാതെ പുതഞ്ഞു കിടക്കുകയാണ് നായ്‌ക്കുട്ടി. മൂന്ന് മാസം പ്രായമുള്ള നായ്‌ക്കുട്ടിയുടെ ശരീരത്തിന്‍റെ പകുതി ഭാഗത്തോളം ടാറിൽ താഴ്‌ന്ന നിലയിലായിരുന്നു. തൊട്ടരികിൽ നിസ്സഹായയായി നോക്കി നിൽപ്പുണ്ടായിരുന്നു അമ്മ നായ. ആലക്കോട് പഞ്ചായത്തിൽ ഇഞ്ചിയാനി പള്ളിക്ക് സമീപമായിരുന്നു സംഭവം.
ഇനിയും വൈകിയാൽ ജീവൻ തന്നെ നഷ്‌ടമായേക്കാം… ആ ദയനീയ കാഴ്‌ച കണ്ടപ്പോൾ ഇഞ്ചിയാനി സ്വദേശി ബോബി ജേക്കബിന് അവിടുന്ന് പോകാൻ മനസുവന്നില്ല. എങ്ങനെയെങ്കിലും നായ്‌ക്കുട്ടിയെ രക്ഷിക്കണം, അതിനു സഹായം തേടി വിളിച്ചതാണ് അഗ്നിരക്ഷ സേനയെ. ‘ഞങ്ങൾ എത്തിയേക്കാം…’ കോൾ എടുത്ത സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ ടി.ഇ അലിയാരുടെ മറുപടി കേട്ടപ്പോൾ മറുതലയ്‌ക്കൽ ആശ്വാസത്തിന്‍റെ നെടുവീർപ്പ്.