ഇടുക്കി: തെക്കുംഭാഗത്ത് മധ്യവയസ്കനെ അയൽവാസി പട്ടിയെ വിട്ട് കടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. തെക്കുംഭാഗം സ്വദേശി സോമൻ അയൽവാസിയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകി. ആരോപണം നിഷേധിച്ച അയൽവാസി, വ്യക്തിവൈരാഗ്യം തീർക്കാൻ സോമൻ കള്ളക്കേസ് നൽകിയതാണെന്ന് ആരോപിച്ചു.
തൊടുപുഴയിൽ മധ്യവയസ്കനെ അയൽവാസി പട്ടിയെ വിട്ട് കടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി തെക്കുംഭാഗം സ്വദേശി സേതുബാബുവിന്‍റെ വീടിന് മുന്നിൽ സോമന്‍റെ സുഹൃത്ത് ജെയിൻ കിണർ കുഴിച്ചതിനെ ചൊല്ലി മാസങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി വീണ്ടും തർക്കമുണ്ടാവുകയും ഇതിനിടെ സേതുബാബു തന്നെ തല്ലുകയും പട്ടിയെ വിട്ട് കടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് സോമന്‍റെ പരാതി.
വീടിന് മുന്നിൽ വച്ച വാഴകൾ സോമൻ വെട്ടിക്കളഞ്ഞെന്നും ഇതേച്ചൊല്ലിയാണ് തർക്കമുണ്ടായതെന്നും സേതുബാബു പറയുന്നു. മനപൂർവം പ്രശ്നമുണ്ടാക്കാനായി സോമനും കൂട്ടരും വീടിന്‍റെ പടി തുറന്ന് പട്ടിയെ റോഡിലേക്ക് വിട്ടതാണ്. കഴിഞ്ഞ ദിവസം രാത്രി തന്‍റെ വീടിന് നേരെ കല്ലേറുണ്ടായെന്നും സേതുബാബു പറയുന്നു.
വീടിന് മുന്നിൽ കോഴി ഫാം നിർമിക്കാനാണ് സോമന്‍റെ സുഹൃത്ത് ജിനു ശ്രമിച്ചതെന്നും ഇതിന് താൻ സ്റ്റേ വാങ്ങിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും സേതുബാബു പറയുന്നു. ആരോപണം ജിനുവിന്‍റെ കുടുംബം നിഷേധിച്ചു. ഇരുവരുടെയും ആരോപണങ്ങളിൽ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.