ഇടുക്കി:തേയില കൊളുന്തിന്‍റെ ഉത്പാദനക്കുറവിനിടെയുണ്ടായ വിലയിടിവ് ഇടുക്കിയിലെ ചെറുകിട കര്‍ഷകരെ വലയ്ക്കുന്നു. തൊഴിലാളികളുടെ കൂലിയും പരിപാലന ചിലവും വര്‍ധിച്ചതിനിടെയുണ്ടായ വിലയിടിവ് കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമാവുകയാണ്. നേരത്തെ 25 രൂപവരെ വിലയുണ്ടായിരുന്ന പച്ചക്കൊളുന്തിന്‍റെ വില നിലവില്‍ 21 രൂപയാക്കിയാണ് കമ്പനികള്‍ കുറച്ചത്.
ഉത്പാദനക്കുറവും വിലയിടിവും; ഇടുക്കിയില്‍ ചെറുകിട തേയില കര്‍ഷകര്‍ പ്രതിസന്ധിയില്‍
ചെറുകിട കര്‍ഷകര്‍ക്ക് സഹായകരമാകുന്ന തരത്തില്‍ ഇടുക്കിയില്‍ തേയില ഫാക്ടറി ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും നടപ്പായില്ല.
വേനല്‍ മഴയുടെ ലഭ്യത കുറഞ്ഞതാണ് കൊളുന്തിന്‍റെ ഉത്പാദനത്തില്‍ തിരിച്ചടിക്ക് കാരണമായതെന്ന് കര്‍ഷകനായ ബാബു പറയുന്നു. ചെറുകിട കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്ത് ടീ ബോര്‍ഡില്‍ നിന്നും ഒരുവിധ സഹായവും ലഭ്യമാകുന്നില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ സഹായിക്കുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഇതൊന്നും ടീ ബോര്‍ഡ് കര്‍ഷകരിലേയ്ക്ക് എത്തിക്കുന്നില്ലെന്ന് അവര്‍ വിശദീകരിച്ചു. അതേസമയം തേയില കൊളുന്തിന് തറവില നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിക്കുന്നു.