ഇടുക്കി: ഗോത്രവർഗ സംസ്കാരത്തിന്‍റെ പെരുമ നിലനിൽക്കുന്ന മണ്ണാണ് കേരള- തമിഴ്നാട് അതിർത്തിയിലുള്ള ഇടുക്കി ജില്ലയിലെ ഇടമലക്കുടി. ഗോത്രവർഗ പഞ്ചായത്ത് കൂടിയായ ഇടമലക്കുടിയിലെ ജനങ്ങളുടെ സ്വപ്‌നമായിരുന്നു ഒരു വീട്. എന്നാൽ ഈ സ്വപ്‌നം പാതിവഴിയിൽ നിലച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കരാറുകാരന്‍ പാതിവഴിയിൽ നിർമ്മാണം ഉപേക്ഷിച്ചു പോയതാണ് ഇവരുടെ സ്വപ്‌നത്തിന് മങ്ങലേൽക്കാൻ കാരണം. നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ യാതൊരുവിധ ഇടപെടലും നടത്തുന്നില്ലെന്നാണ് ഇവിടെയുള്ളവരുടെ ആരോപണം.
സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം പല പദ്ധതികളും പാതിവഴിയിൽ നിലക്കുന്ന അവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങളായ പാർപ്പിടവും കുടിവെള്ളവും ഇടമലക്കുടി പഞ്ചായത്തിൽ കിട്ടാക്കനിയായിരിക്കുന്നു. അതിന്‍റെ നേർകാഴ്‌ച കൂടിയാണ് പാതിവഴിയിൽ നിലച്ച ഈ വീടുകൾ.
അവർ കാത്തിരിക്കുന്നു, പാതിവഴിയിൽ നിലച്ച വീടെന്ന സ്വപ്‌നത്തിനായി - വീട് നിര്‍മാണം
ഇടമലക്കുടിയിലെ ജനങ്ങൾക്കായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പല പദ്ധതികളും പാതിവഴിയിൽ നിലക്കുന്ന അവസ്ഥയിലാണ്.
അവർ കാത്തിരിക്കുന്നു, പാതിവഴിയിൽ നിലച്ച വീടെന്ന സ്വപ്‌നത്തിനായി
ഏത് നിമിഷവും നിലം പതിക്കാവുന്ന സ്ഥിതിയിലാണ് മണ്ണും കമ്പുകളും ഉപയോഗിച്ച് നിർമ്മിച്ച ചോർന്ന് ഒലിക്കുന്ന ഇവിടുത്തെ കുടിലുകൾ. കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ വീടുകൾ ഇതേ അവസ്ഥയിൽ തുടരുകയാണ്. പുതിയ വീടുകളുടെ നിർമാണം പൂർത്തികരിക്കുന്നതും കാത്തിരിക്കുകയാണ് ഇടമലക്കുടി നിവാസികൾ.
Last Updated : Nov 5, 2020, 1:36 PM IST