ഇടുക്കി: പ്രതിസന്ധികൾക്കിടയിലൂടെ കടന്നു പോകുമ്പോഴും കാരിരുമ്പ് പോലെ കരുത്തുറ്റ ജീവിതം കെട്ടി പടുക്കുകയാണ് സേനാപതി പഞ്ചായത്തിലെ കലയത്തിനാൽ വീട്ടിലെ ഓമനയും അനുജത്തി അല്ലിയും. ജന്മനാ കേൾവി ശക്‌തിയും സംസാരശേഷിയും നഷ്‌ടപ്പെട്ടവരാണ് ഈ സഹോദരിമാർ.
കുലത്തൊഴിലായ ഇരുമ്പ് പണി ചെയ്‌താണ് ഇവർ ഉപജീവനം നടത്തുന്നത്. മാതാപിതാക്കളുടെ മരണശേഷം സഹോദരങ്ങൾ പരിഗണന നൽകാതെ വന്നതോടെയാണ് ഇരുവരും വീടിനോട് ചേർന്നുള്ള ആലയിൽ ഇരുമ്പിനോട് മല്ലിട്ട് ജീവിതം കരുപ്പിടിപ്പിക്കാൻ ആരംഭിച്ചത്. കാരിരുമ്പിനെ വെല്ലുന്ന കരുത്തുറ്റ മനസുമായി 62കാരിയായ ഓമനയും 53കാരിയായ അല്ലിയും വളരെ ശ്രദ്ധയോടെയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. ഓമന ആലയിൽ ഉലയൂതി കനൽ തെളിക്കുമ്പോൾ അല്ലി ഇരുമ്പുപഴുപ്പിച്ചെടുത്ത് ആയുധങ്ങളുണ്ടാക്കി രാകി മിനുക്കി പണിക്കുറ തീർത്ത് ഒപ്പമുണ്ടാകും.