ഇടുക്കി: ദേവികുളം കുറ്റിയാര്‍ വാലിയില്‍ ഹോട്ടല്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ സ്വകാര്യ വാഹനം നാട്ടുകാര്‍ തടഞ്ഞു. ഭക്ഷണാവശിഷ്‌ടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഹോട്ടലിലെ മാലിന്യമായിരുന്നു നിക്ഷേപിക്കുവാനായി കുറ്റിയാര്‍വാലിയില്‍ എത്തിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ദേവികുളം പഞ്ചായത്തധികൃതര്‍ സ്ഥലത്തെത്തുകയും ഇരുപത്തയ്യായിരം രൂപ പിഴ ഈടാക്കിയ ശേഷം വാഹനം ദേവികുളം പൊലീസിന് കൈമാറുകയും ചെയ്‌തു.
ഹോട്ടല്‍ മാലിന്യം പൊതുസ്ഥലത്ത് തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു - ഹോട്ടല്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ സ്വകാര്യ വാഹനം
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ദേവികുളം പഞ്ചായത്തധികൃതര്‍ സ്ഥലത്തെത്തുകയും ഇരുപത്തയ്യായിരം രൂപ പിഴ ഈടാക്കിയ ശേഷം വാഹനം ദേവികുളം പൊലീസിന് കൈമാറുകയും ചെയ്‌തു.
ആരോഗ്യ ജാഗ്രതയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും പഞ്ചായത്ത് തയ്യാറല്ലെന്ന് ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ്‌കുമാര്‍ പറഞ്ഞു. കൊവിഡ് 19 മായി ബന്ധപ്പെട്ട് മൂന്നാറടക്കമുള്ള ഇടങ്ങള്‍ അതീവ ജാഗ്രതയോടെ മുമ്പോട്ട് പോകുമ്പോള്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ അത്രയും കാറ്റില്‍ പറത്തി മാലിന്യം നിക്ഷേപിക്കാനെത്തിയ നടപടിക്കെതിരെ ആളുകള്‍ക്കിടയില്‍ നിന്നും വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ശിക്ഷ പിഴയിലൊതുക്കാതെ മാതൃകാപരമായ മറ്റ് ശിക്ഷാനടപടികള്‍ കൂടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.