ഇടുക്കി :തൊടുപുഴയിലെ ജില്ല ആശുപത്രിയില്‍ ചികിത്സാപ്പിഴവും ഡോക്‌റുടെ അവഗണനയും മൂലം ഗൃഹനാഥന്‍റെ ജീവന്‍ നഷ്‌ടപ്പെട്ടതായി കുടുംബത്തിന്‍റെ ആരോപണം. വണ്ണപ്പുറം സ്വദേശി വിനോദ് കെ തങ്കപ്പന്‍റെ മരണത്തിൽ നീതി തേടി ഭാര്യയും മക്കളും ആരോഗ്യ വകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കി. ചികിത്സ പിഴവിനും അശ്രദ്ധയ്‌ക്കും പുറമെ, ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച വിനോദിനെ കൊവിഡ് ബാധിതര്‍ക്കൊപ്പം കിടത്തിയെന്നും നാട്ടുകാര്‍ പറയുന്നു. ചികിത്സിച്ച ഡോക്‌ടര്‍ക്ക് കൈക്കൂലി നല്‍കാത്തതിനാലാണ് മെച്ചപ്പെട്ട ചികിത്സ ലഭിക്കാതിരുന്നതെന്നും ആരോപണമുണ്ട്.
സംഭവം നടന്നതിങ്ങനെ :ഇക്കഴിഞ്ഞ ജനുവരി 13നാണ് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട വിനോദ് മകളോടൊത്ത് തൊടുപുഴയിലെ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത വിനോദ് സ്വന്തം ബൈക്കോടിച്ചാണ് ആശുപത്രിയിലേക്ക് പോയത്. മരുന്ന് വാങ്ങി തിരികെ വരാമെന്ന് കരുതി പോയ വിനോദിനെ നെഞ്ചില്‍ അണുബാധയുണ്ടെന്ന് പറഞ്ഞ് ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്യുകയായിരുന്നു. ആദ്യ ദിനം മുതല്‍ തന്നെ ഒരു നേരം നാല് ഇഞ്ചക്ഷനെടുത്തിരുന്നതായും ഇതിന് ശേഷം വിനോദ് ശാരീരികമായി അവശനായിരുന്നുവെന്നും കുടുംബം പറയുന്നു.
അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ വിനോദ് രക്തം ശര്‍ദ്ദിക്കാന്‍ തുടങ്ങി. ഇക്കാര്യം നഴ്‌സുമാരെയുള്‍പ്പടെ നേരിട്ട് ധരിപ്പിച്ചെങ്കിലും അവഗണിക്കുകയാണ് ചെയ്‌തത്. ഇന്‍ഹേലര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ധിക്കാരപരമായി പെരുമാറിയെന്നും ഡോക്‌ടറെ ബന്ധപ്പെട്ടെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്നും ആരോപണമുണ്ട്. സ്ഥിതി അനുദിനം വഷളായതോടെ വേറേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാമെന്ന് പറഞ്ഞെങ്കിലും ഡോക്‌ടര്‍ അതിന് തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു.