ഇടുക്കി:ഇടുക്കി വാഗമണ്‍ തവളപ്പാറയിലെ പാറഖനനത്തിന് ജില്ലാ കലക്ടര്‍ നല്‍കിയിരിക്കുന്ന എന്‍.ഒ.സി അനധികൃതമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അനുമതി റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തവളപ്പാറ മല സംരക്ഷണ സമിതി. അനധികൃതമായി ലൈസന്‍സ് സമ്പാദിച്ച് കോടികള്‍ക്ക് മറിച്ച് വില്‍ക്കാനാണ് ക്വാറി മാഫിയായുടെ നീക്കമെന്നും സമിതി ഭാരവാഹികള്‍ ആരോപിച്ചു.
വലിയ ടൂറിസം സാധ്യത നിലനില്‍ക്കുന്നതും നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ വാഗമണ്‍ തവളപ്പാറയിലെ റവന്യൂവകുപ്പിന്‍റെ കീഴിലുള്ള മലയിൽ പാറ ഖനനം നടത്തുന്നതിന് അനുവധിച്ചിരുന്ന എന്‍.ഒ.സിയുടെ കാലാവധി കഴിഞ്ഞിരുന്നു. എന്നിട്ടും ചട്ടവിരുദ്ധമായി ജില്ലാ കലക്ടര്‍ കാലവധി നീട്ടി നല്‍കിയത് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലൂടെയാണ് പുറത്ത് വന്നത്. അനധികൃതമായി നല്‍കിയിരിക്കുന്ന എന്‍.ഒ.സി റദ്ദ് ചെയ്യണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടിലുണ്ടായിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ ഇത് നടപ്പിലാക്കുന്നതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കണമെന്ന ആവശ്യവുമായി തവളപ്പാറ മല സംരക്ഷണ സമതി രംഗത്തെത്തിയിരിക്കുന്നത്.