ഇടുക്കി:ജില്ലയിലെ ക്ഷീരകർഷകർക്കിടയിൽ ഇപ്പോൾ സൂപ്പർ താരമാണ് 'തായ്‌ലന്‍ഡ് സൂപ്പര്‍ നേപ്പിയര്‍'. പേര് കേട്ട് ആരും ഞെട്ടണ്ട, സംഗതി വെറുമൊരു പുല്ലിനമാണ്. എന്നാൽ പുല്ലാണെന്ന് കരുതി പരിഹസിക്കുകയും വേണ്ട. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ക്ഷീരമേഖലയിൽ വലിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് തീറ്റപ്പുല്ലിനമായ തായ്‌ലന്‍ഡ് സൂപ്പര്‍ നേപ്പിയര്‍.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കക്ഷി തായ്‌ലൻഡ് നിന്നുള്ളതാണ്. അടിമാലിയിലെ കർഷകനായ ചെറുകുന്നേൽ ഗോപി പരീക്ഷണാടിസ്ഥാനത്തിലാണ് സൂപ്പര്‍ നേപ്പിയറിനെ ജില്ലയിലെത്തിച്ച് കൃഷി ആരംഭിച്ചത്. വിജയം കണ്ടതോടെ കൃഷി വിപുലമാക്കുകയായിരുന്നു.
ക്ഷീരകർഷക്ക് ആശ്വാസമായി തായ്‌ലന്‍ഡ് സൂപ്പര്‍ നേപ്പിയര്‍ പുല്ല് വർഗത്തിൽ ഉൾപ്പെട്ട ഇവയുടെ തണ്ട് നട്ടാൽ ഒരു വിളവെടുപ്പിൽ 40 കിലോയോളം പുല്ല് ലഭിക്കുമെന്നതാണ് പ്രത്യേകത. അതായത് കുറഞ്ഞ ചെലവിൽ കൂടുതൽ പുല്ല് കർഷകർക്ക് ലഭിക്കുമെന്ന് സാരം. നല്ല ഉയരത്തിൽ വളരുന്ന സൂപ്പര്‍ നേപ്പിയറിന് ഇന്ത്യയിൽ വികസിപ്പിച്ച സിഒ ത്രി പുല്ലിനത്തേക്കാൾ ഗുണവും ഉയരവും ആയുസും വിളവും കൂടുതലാണ്.
തായ്‌ലന്‍ഡ് സൂപ്പര്‍ നേപ്പിയറിന്‍റെ പെരുമ കേട്ടറിഞ്ഞ കർഷകർ ഗോപിയുടെ കൃഷിയിടത്തിലെത്തി തണ്ടുകൾ ശേഖരിച്ചു മടങ്ങുകയാണ്. വേനൽക്കാലത്തെ തീറ്റപ്പുൽ ക്ഷാമത്തിനും കാലിത്തീറ്റയുടെ വിലവർധനവിനും പരിഹാരമാകുന്നതിനൊപ്പം വൈക്കോൽ, ചോളതട്ട പോലുള്ള തീറ്റപ്പുല്ലിനങ്ങൾക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്‌തതയിലേക്കെത്തുവാനും ഈ വിദേശി പുല്ലിനം ഉപകരിക്കുമെന്നതിൽ സംശയമില്ല.