ഇടുക്കി: കാലവര്‍ഷത്തില്‍ തകര്‍ന്ന പെരിയവരയിൽ താല്‍ക്കാലിക പാലം പുന:സ്ഥാപിച്ചതോടെ മൂന്നാര്‍- ഉദുമൽപ്പെട്ട അന്തര്‍സംസ്ഥാന പാത തുറന്നു. കോണ്‍ക്രീറ്റ് പൈപ്പുകളുടെ മുകളില്‍ കരിങ്കൽ ചീളുകൾ നിരത്തിയാണ് പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്ന് കൊടുത്തത്. പൊതുമരാമത്ത് വകുപ്പിനൊപ്പം പ്രദേശവാസികളും അഗ്നിരക്ഷാ സേനയും പാലത്തിന്‍റെ പുനർനിർമ്മാണത്തിൽ പങ്ക് ചേർന്നു.
പെരിയവരയിൽ താല്‍ക്കാലിക പാലം പുന:സ്ഥാപിച്ചു - temporary bridge
കോണ്‍ക്രീറ്റ് പൈപ്പുകളുടെ മുകളില്‍ കരിങ്കൽ ചീളുകൾ നിരത്തിയാണ് പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്ന് കൊടുത്തത്
രാവിലെ 6 മുതല്‍ വൈകുന്നേരം 8 വരെ ചെറുവാഹനങ്ങള്‍ക്ക് പാലത്തിലൂടെ കടന്നുപോകാം. പാലത്തിന്‍റെ സുരക്ഷക്കായി പകല്‍ പൊലീസിന്‍റെയും രാത്രി കമ്പനി വാച്ചറുടെയും നീരീക്ഷണം ഏർപ്പെടുത്തിയിട്ടുള്ളതായി മൂന്നാർ ഡിവൈഎസ്പി രമേഷ് കുമാർ അറിയിച്ചു. താല്‍ക്കാലിക പാലം നിര്‍മ്മിച്ചത് ആശ്വാസമാണെന്നും പുതിയ പാലത്തിന്‍റെ നിര്‍മ്മാണം വേഗത്തിൽ പൂര്‍ത്തീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കന്നമലയാറ്റിൽ വെള്ളമുയർന്നതിനെ തുടർന്ന് താൽക്കാലികമായി നിർമ്മിച്ച പെരിയവര പാലം ഭാഗീകമായി ഒലിച്ചു പോകുകയായിരുന്നു. പാലം തകര്‍ന്നതോടെ എസ്‌റ്റേറ്റുകളിലെ തൊഴിലാളികൾ മൂന്നാറിലെത്തിപ്പെടാനാവാതെ ഒറ്റപ്പെട്ട നിലയിലായിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പെരിയവര പാലത്തിന് സമീപത്തായി പുതിയ പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും കാലവര്‍ഷമെത്തിയതോടെ ജോലികൾ നിര്‍ത്തിവച്ചു. മഴ ശക്തമാകുന്ന ജൂണ്‍ മാസത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനെതിരെ ആക്ഷേപവും ഉയര്‍ന്നിരുന്നു.