ഇടുക്കി: മൂന്നാറില്‍ അഞ്ചു ദിവസത്തിനിടയില്‍ മൂന്നാം തവണയും കടുവയുടെ ആക്രമണം. അഞ്ചു ദിവസത്തിനിടയില്‍ കൊലപ്പെട്ടത് അഞ്ചു കന്നുകാലികള്‍. ജനവാസമേഖലയിൽ കടുവയുടെ ആക്രമണം വർധിച്ച സാഹചര്യത്തിലും വനം വകുപ്പ് അനാസ്ഥ തുടരുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.
കടുവയുടെ ആക്രമണം; മൂന്നാറില്‍ തോട്ടം മേഖല ഭീതിയില്‍ ഒരു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 30 കന്നുകാലികൾ
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 30 കന്നുകാലികളെയാണ് കടുവ ആക്രമിച്ചത്. ഏറ്റവും ഒടുവിലായി കടുവയുടെ ആക്രമണത്തില്‍ മൂന്നാറില്‍ നിന്നും ആറു കിലോമീറ്റര്‍ മാത്രം അകലെയുള്ള കൊരണ്ടക്കാട്ടില്‍ ഒരു പശുവിനെ കടുവ കൊന്നു. വീട്ടുചെലവുകള്‍ക്കു പുറമേ കുട്ടികളുടെ പഠനത്തിനും മറ്റു അത്യാവശ്യ കാര്യങ്ങള്‍ക്കും വരുമാന മാർഗമായിരുന്ന പശുവിനെയാണ് കൊരണ്ടക്കാട് സ്വദേശികളായ ജോസഫ്- ജയന്തി ദമ്പതികള്‍ക്ക് നഷ്‌ടമായത്.
ക്ഷീര കര്‍ഷകർ ദുരിതത്തിൽ
രണ്ടു ദിവസം മുമ്പ് ഗൂഡാര്‍വിള നെറ്റിക്കുടി എസ്റ്റേറ്റിലെ ഒരു പശുവിനെ കൊന്നതിന് പിന്നാലെയായിരുന്നു കൊരണ്ടക്കാട്ടിലെ സംഭവം. കൂടാതെ അഞ്ചു ദിവസം മുമ്പ് ലോക്കാട് എസ്‌റ്റേറ്റിലെ മൂന്നു പശുക്കള്‍ കടുവയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. കടുവയുടെ ആക്രമണത്തില്‍ കന്നുകാലികള്‍ കൊല്ലപ്പെടുന്നത് പതിവായതോടെ ക്ഷീര കര്‍ഷകരായ തൊഴിലാളികള്‍ പ്രശ്‌ന പരിഹാരമാർഗത്തിന് വഴിയില്ലാതെ വലയുകയാണ്.
നോക്കുകുത്തിയായി വനം വകുപ്പ്
കന്നുകാലികളെ കടുവ കൊല്ലുന്നത് പതിവായിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വനം വകുപ്പ് ഓഫീസുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചാല്‍ പോലും ഉദ്യോഗസ്ഥര്‍ പ്രതികരിക്കുവാന്‍ വൈമനസ്യം കാണിക്കുകയാണെന്നും ആക്ഷേപമുയരുന്നുണ്ട്.
കർഷകർക്ക് നഷ്‌ടപരിഹാരം ലഭ്യമാക്കണം
കടുവയുടെ ആക്രമണത്തിന്‍ നിന്നും ക്ഷീര കര്‍ഷകരെ രക്ഷിക്കുവാനും ജനവാസ മേഖലകളെ സംരക്ഷിക്കാനും ഉചിതമായ നടപടികള്‍ വനം വകുപ്പ് സ്വീകരിക്കണമെന്നും കന്നുകാലികളെ നഷ്‌ടമായവര്‍ക്ക് നഷ്‌ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്നും കർഷകരും പ്രദേശവാസികളും ആവശ്യപ്പെടുന്നു.