ഇടുക്കി:ഇടുക്കിയില്‍ വീണ്ടും മുങ്ങി മരണം. കുഞ്ചിതണ്ണി എല്ലക്കലിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേരിൽ ഒരാളാണ് വെള്ളത്തിൽ വീണ് മരിച്ചത്. തമിഴ്‌നാട് സ്വദേശിയായ തിരുപ്പൂർ ആമിന അപ്പാർട്മെന്‍റ് അബ്‌ദുല്‍ കരീമിന്‍റ് മകൻ അബ്‌ദുല്ലയാണ് (25) മരണപ്പെട്ടത്.
വിനോദ യാത്രയ്‌ക്കായി വന്ന 11 ആംഗ സംഘത്തില്‍പെട്ടവര്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കുളിക്കാൻ ഇറങ്ങിയതിനിടെ അബ്‌ദുല്ല കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടന്‍ തന്നെ ഇയാളെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെന്നൈയിലെ സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരാണ് വിനോദ യാത്ര സംഘത്തില്‍ ഉള്‍പെട്ട 11 പേരും. മരിച്ചയാളുടെ മൃതദേഹം നിലവില്‍ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ച ശേഷം, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അന്ത്യമില്ലാത്ത മുങ്ങിമരണം: സമാന സംഭവം ഇടുക്കി മാങ്കുളത്ത് വച്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. മാങ്കുളം പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ വെള്ളത്തില്‍ മുങ്ങിമരിച്ചിരുന്നു. അങ്കമാലി മഞ്ഞപ്ര ജ്യോതസ് സ്‌കൂളിലെ വിദ്യാര്‍ഥികളായ റിച്ചാര്‍ഡ്, ജോയല്‍ , അര്‍ജുന്‍ എന്നിവരായിരുന്നു മരണപ്പെട്ടത്.
സ്‌കൂളില്‍ നിന്നും വിനോദ യാത്രയ്‌ക്കായി എത്തിയ വിദ്യാര്‍ഥികളായിരുന്നു മരണപ്പെട്ടത്. വിനോദ യാത്രയുടെ ഭാഗമായി മുപ്പതോളം വിദ്യാര്‍ഥികളും അധ്യാപകരമായിരുന്നു മാങ്കുളത്ത് എത്തിയിരുന്നത്. വലിയകുട്ടി ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപടകം സംഭവിച്ചത്.
അഞ്ച് കുട്ടികളാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ട് പേരെ പ്രദേശവാസികള്‍ എത്തി രക്ഷപെടുത്തുകയായിരുന്നു. പ്രദേശവാസികള്‍ ഉടന്‍ തന്നെ വിദ്യാര്‍ഥികളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മൂന്ന് പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
ഒരു മാസത്തിനിടെ മരണപ്പെടുന്നത് നിരവധി പേര്‍: അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ഒരു മാസത്തിനിടെ അഞ്ച് പേരാണ് മാങ്കുളത്ത് വച്ച് മരണപ്പെടുന്നത്. ഫെബ്രുവരി 20നും മാങ്കുളം വല്യപാറക്കുട്ടി പുഴയില്‍ 17 വയസുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചിരുന്നു.
എറണാകുളം നെട്ടൂര്‍ സ്വദേശി അമിത് മാത്യുവായിരുന്നു മരിച്ചത്. വീട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അമിത് കാല്‍ വഴുതി കയത്തില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ അമിത്തിനെ കരയ്‌ക്കെത്തിച്ച് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു.
എറണാകുളം നെട്ടൂരില്‍ നിന്നും 12 കുടുംബങ്ങളില്‍ നിന്നായി 29 അംഗസംഘം വിനേദസഞ്ചാരത്തിനായി മാങ്കുളത്ത് എത്തിയതായിരുന്നു. പ്ലസ് വിദ്യാര്‍ഥിയായ അമിത് ആനക്കുളത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം വല്യപാറക്കുട്ടി പുഴയില്‍ മുട്ടോളം വെള്ളത്തില്‍ നടക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. നിരവധി വിനോദ സഞ്ചാരികളാണ് ഇതേ സ്ഥലത്ത് മുങ്ങി മരിക്കുന്നത്.
ആഴം മനസിലാക്കാതെ പുഴയില്‍ ഇറങ്ങുന്നതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷ നിര്‍ദേശങ്ങളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
also read:പരിപാടിക്കിടെ ഗായകന്‍ ബെന്നി ദയാലിന്‍റെ കഴുത്തിലിടിച്ച് ഡ്രോണ്‍ കാമറ; വീഡിയോ വൈറല്‍