ഇടുക്കി : രാത്രികാലത്ത് ഷട്ടറുകൾ ഉയർത്തരുതെന്ന കേരളത്തിന്‍റെ നിർദേശം വീണ്ടും തള്ളി തമിഴ്‌നാട്. വെള്ളിയാഴ്‌ച രാത്രിയിലും മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി. എന്നാൽ രാവിലെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഉയർത്തിയിരുന്ന ഷട്ടറുകളിൽ ഒരെണ്ണം ഒഴികെ ബാക്കി പൂർണമായി അടയ്ക്കുകയും ചെയ്തു.
രാത്രി പത്തുമണിക്കും പതിനൊന്നുമണിക്കുമായാണ് അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി അധികജലം പെരിയാറിലേക്ക് ഒഴുക്കിയത്. പിന്നാലെ 142 അടി ആയിരുന്ന ജലനിരപ്പ് 141.95 അടിയിലേക്ക് എത്തിയതോടെ ഷട്ടറുകൾ താഴ്ത്തുകയായിരുന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവും കുറച്ചു.
നിലവിൽ അൽപം കൂടി ജലനിരപ്പ് താഴ്ത്തി ക്രമീകരിച്ചുനിർത്താമെന്ന് ഇരിക്കെയാണ് തമിഴ്‌നാട് ഷട്ടറുകൾ പകൽസമയത്ത് അടച്ചിരിക്കുന്നത്. വൈകുന്നേരം അതിശക്തമായ മഴ പെയ്യും എന്ന സാഹചര്യം നിലനിൽക്കെ ഇത് മുന്നിൽ കണ്ട് ജലനിരപ്പ് ക്രമീകരിക്കാനും തമിഴ്‌നാട് തയ്യാറാകുന്നില്ല.