ഇടുക്കി: ആറ് പതിറ്റാണ്ടിലധികമായി കൈവശം ഇരിയ്ക്കുന്ന ഭൂമി, തമിഴ്‌നാട് വനം വകുപ്പിന് വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിൽ കേരളത്തിലെ ഒരു കുടുംബം. നെടുങ്കണ്ടം അണക്കരമെട്ട് സ്വദേശിയായ ഇളങ്കോവന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയ്‌ക്കാണ് തമിഴ്‌നാട് വനം വകുപ്പ് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. ഉടുമ്പന്‍ചോല താലൂക്കിലെ പാറത്തോട് വില്ലേജില്‍ ഉള്‍പ്പെടുന്ന ഭൂമിയാണിത്.
ആറ് പതിറ്റാണ്ടിലധികമായി കരം അടയ്ക്കുന്ന ഭൂമി, അവകാശവാദവുമായി തമിഴ്‌നാട് വനം വകുപ്പ്: ആശങ്കയിൽ കേരളത്തിലെ ഒരു കുടുംബം 1958ലാണ് തമിഴ്‌നാട് കോമ്പെ സ്വദേശികളായ ഇളങ്കോവന്‍റെ കുടുംബം അണക്കരമെട്ടില്‍ എത്തുന്നത്. ഏലം കുത്തകപാട്ട വ്യവസ്ഥയിലുള്ള അഞ്ച് ഏക്കര്‍ ഭൂമി ഇവിടെ ഇവര്‍ക്കുണ്ട്. വര്‍ഷങ്ങളായി പാറത്തോട് വില്ലേജില്‍ ഭൂമിയ്‌ക്ക് കരം അടയ്ക്കുന്നുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം, നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിനെതിരെ തമിഴ്‌നാട് വനം വകുപ്പ് രംഗത്ത് എത്തുകയും ഇളങ്കോവന്‍റെ ഭൂമിയിലൂടെയുള്ള നിര്‍മാണം തടസപെടുത്തുകയുമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചതായും ഇളങ്കോവന്‍ ആരോപിച്ചു. ഇളങ്കോവന്‍റെ പുരയിടത്തിലൂടെ 300 മീറ്റര്‍ നീളത്തിലാണ് ഫെന്‍സിങ് സ്ഥാപിക്കുന്നത്.
സംസ്ഥാന അതിര്‍ത്തിയ്‌ക്കുള്ളില്‍ നില്‍ക്കുന്ന പ്രദേശമാണിവിടം. എന്നാല്‍ തമിഴ്‌നാട് നിലവില്‍ ഈ ഭൂമിയില്‍, അവകാശവാദം ഉന്നയിച്ച് വിവിധ അടയാളങ്ങള്‍ രേഖപെടുത്തിയിട്ടുണ്ട്. ഭൂമിയില്‍ നിന്ന് ഒഴിഞ്ഞ് കൊടുക്കണമെന്ന് തമിഴ്‌നാട് വനം വകുപ്പ് ആവശ്യപ്പെട്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിന്‍റെ വീട്ടുനമ്പറും വൈദ്യുതി കണക്ഷനും മറ്റ് രേഖകളും ഈ കുടുംബത്തിനുണ്ട്. വനം വകുപ്പ് അവകാശവാദം ഉന്നയിച്ചതോടെ, സ്വന്തം ഉടമസ്ഥയിലുള്ള ഭൂമിയില്‍ നിന്നും ഇറങ്ങികൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഇവര്‍.