ഇടുക്കി : ജില്ലയിൽ വീണ്ടും പന്നിപ്പനി പടരുന്നു. പന്നിപ്പനി സ്ഥിരീകരിച്ച വാത്തിക്കുടി പടമുഖത്തെ ഫാമിലെ 43 പന്നികളെ ദയാവധത്തിന് വിധേയമാക്കി. വാത്തിക്കുടി പടമുഖം കദളിക്കാട്ട് ബീന ജോസഫിന്‍റെ പന്നികൾക്കാണ് അഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ബീനയുടെ 170 പന്നികളാണ് പനിപിടിച്ച് കഴിഞ്ഞ ഒരാഴ്‌ചക്കിടയിൽ ചത്തത്.
കൂടുതൽ പന്നികൾ കൂട്ടത്തോടെ ചാകാൻ തുടങ്ങിയതോടെ ഉടമ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ സാമ്പിൾ ബാംഗ്ലൂർ എസ് ആർ ഡി ഡി ലബോറട്ടറിയിൽ പരിശോധന നടത്തിയതോടെയാണ് ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് തൊടുപുഴയിൽ നിന്നും എത്തിയ ഉദ്യോഗസ്ഥർ ഫാമിൽ ബാക്കിയുണ്ടായിരുന്ന 43 പന്നികളെ കൂടി ദയാവധത്തിന് വിധേയമാക്കി.
also read :പ്രതിസന്ധികളും പ്രയാസങ്ങളും ഏറെ.. ഒപ്പം കൃത്രിമ നിറ വിവാദവുമായി ഏലം വിപണി ഇടിയ്ക്കാൻ ശ്രമമെന്ന് കർഷകർ
ലോൺ എടുത്ത് തുടങ്ങിയ ഫാം : ലോൺ എടുത്താണ് 10 വർഷം മുമ്പ് ബീന ജോസഫും ഭർത്താവ് ബിജുവും പന്നിഫാം ആരംഭിക്കുന്നത്. പന്നികൾ മുഴുവനും രോഗം വന്ന് ചത്തതോടെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് വീണതായി കർഷകർ പറയുന്നു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാത്തിക്കുടി പഞ്ചായത്തിലെ നാല്, 13, 14, 15, 16 വാർഡുകൾ രോഗ ബാധിത മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ സമീപത്ത് മറ്റ് പന്നിഫാമുകൾ ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 10 കിലോമീറ്റർ ചുറ്റളവിലുള്ള കാമാക്ഷി, വാത്തിക്കുടി, മരിയാപുരം വാഴത്തോപ്പ് തുടങ്ങിയ പഞ്ചായത്തുകൾ രോഗ നിരീക്ഷണ മേഖലയായി തുടരും. പന്നികൾക്ക് തീറ്റകൾ ശേഖരിക്കുന്ന സ്ഥലങ്ങൾ രോഗമില്ലാത്ത പ്രദേശമാണെന്ന് ഉറപ്പ് വരുത്തണമെന്നും കർഷകർ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
also read :കാസർകോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; 10 കിലോമീറ്റർ ചുറ്റളവിൽ കശാപ്പിനും വിൽപ്പനയ്‌ക്കും നിയന്ത്രണം
കോട്ടയത്ത് പന്നിപ്പനി :ഒരിടവേളക്ക് ശേഷമാണ് ജില്ലയിൽ പന്നിപ്പനി വീണ്ടും സ്ഥിരീകരിക്കുന്നത്. ജനുവരിയിൽ കോട്ടയം ഉഴവൂർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. രണ്ട് സ്വകാര്യ ഫാമുകളിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ 66 പന്നികളെയാണ് ദയാവധം ചെയ്‌തത്.
ദ്രുതകർമസേനയാണ് ദയാവധമടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ പന്നിമാംസ വിതരണം, മാംസം വിൽക്കുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവയ്‌ക്കുകയും പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, റവന്യൂ, തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാർ എന്നിവരെ ഉൾപ്പെടുത്തി ദ്രുതകർമ സേന രൂപീകരിക്കുകയും ചെയ്‌തിരുന്നു. കൂടാതെ പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽനിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവയ്ക്കുകയും ചെയ്‌തിരുന്നു.
also read :ആഫ്രിക്കൻ പന്നിപ്പനി; ഉഴവൂരിൽ 66 പന്നികളെ ദയാവധം ചെയ്‌തു