സോഷ്യൽമീഡിയയിലും, യൂട്യൂബിലും അടക്കം വൈറലായി മാറിയിരിക്കുകയാണ് സുന്ദരി ഓട്ടോയും ഒരു അച്ഛനും രണ്ട് മക്കളും. ചെറുപ്പം മുതൽ വാഹനങ്ങളോട് ഏറെ താൽപര്യമുള്ള ഇടുക്കി തൊടുപുഴ സ്വദേശി മുട്ടത്തുപറമ്പിൽ അരുൺകുമാർ പുരുഷോത്തമൻ മക്കൾക്ക് വേണ്ടി നിർമ്മിച്ച കുട്ടി ഓട്ടോറിക്ഷയാണ് ഇപ്പോൾ നാട്ടിലെ താരം.
വൈറലായി സുന്ദരി ഓട്ടോയും അരുൺകുമാറും - അരുൺകുമാർ പുരുഷോത്തമൻ
അരുൺകുമാർ ഏഴര മാസം കൊണ്ടാണ് മക്കൾക്കുവേണ്ടി കുട്ടി ഓട്ടോറിക്ഷ നിർമ്മിച്ച് നിരത്തിലിറക്കിയത്. ഡി.ടി.എച്ച് ഡിഷും, ഗ്യാസ് അടുപ്പിന്‍റെ മുകൾ ഭാഗവും, സൈക്കിൾ ചെയിനും സോക്കറ്റും അടക്കമുള്ള വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
മക്കൾക്കുവേണ്ടി പലവിധ കളിപ്പാട്ടങ്ങൾനിർമ്മിച്ച് നൽകുന്നവരുണ്ട്. എന്നാൽ തന്നെപോലെ വാഹന പ്രിയമുള്ള മക്കൾക്ക് അരുൺകുമാർ നിർമ്മിച്ചു നൽകിയത് വണ്ടിയുടെ മാതൃകയല്ല, ശരിക്കും നിരത്തിലോടുന്ന ഒരു കുഞ്ഞൻ ഓട്ടോറിക്ഷ തന്നെയാണ്. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്സായ അരുൺകുമാർ ഏഴര മാസം കൊണ്ടാണ് മക്കൾക്കുവേണ്ടി കുട്ടി ഓട്ടോറിക്ഷ നിർമ്മിച്ച് നിരത്തിലിറക്കിയത്. ഡി.ടി.എച്ച് ഡിഷും, ഗ്യാസ് അടുപ്പിന്‍റെ മുകൾ ഭാഗവും, സൈക്കിൾ ചെയിനും സോക്കറ്റും അടക്കമുള്ള വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിച്ചത്. കൂടാതെ 24 വാട്സ് ഡിസി മോട്ടോർ വിത്ത് ഗിയറും, 12 വട്സിന്‍റബാറ്ററിയും ഉപയോഗിച്ചാണ് ഓട്ടോറിക്ഷയുടെ പ്രവർത്തനം.
ഇതിനുമുമ്പ് മകന്‍റെഒന്നാം പിറന്നാളിന് ജീപ്പും, രണ്ട് വർഷം മുമ്പ് ബൈക്കുംനിർമ്മിച്ചു നൽകിയിട്ടുണ്ട് അരുൺ. മോഹൻലാലിന്‍റെ ഏയ് ഓട്ടോയിലെ ഗാനരംഗത്തിന് സമാനമായ രീതിയിലാണ് ഓട്ടോയുടെ വീഡിയോ ചിത്രീകരിച്ച സോഷ്യൽ മീഡിയയിലും യൂട്യൂബിലും അപ്‌ലോഡ് ചെയ്തത്. ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. ഇദ്ദേഹത്തിന്‍റെ ഭാര്യയും കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നഴ്സാണ്. ആതുരസേവന രംഗത്ത് സജീവമായ രണ്ടുപേരും സോഷ്യൽ മീഡിയയിലൂടെയും മറ്റും സേവന സന്നദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റ് അരക്ക്താഴെ തളർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് പരസഹായമില്ലാതെ സ്വന്തമായി നിയന്ത്രിച്ചു കൊണ്ടുപോകാൻ കഴിയുന്ന വീൽ ചെയറിന് സമാനമായ വാഹനം നിർമ്മിച്ചു നൽകുക എന്നതാണ് ഇപ്പോൾ ഇദ്ദേഹത്തിന്‍റെലക്ഷ്യം.