ഇടുക്കി: വേനല്‍ കടുക്കുന്നതോടെ കാട്ടുതീ ഭീതിയില്‍ ഇടുക്കി ജില്ലയുടെ അതിർത്തി മേഖലകളിലെ മൊട്ടക്കുന്നുകൾ. ഹൈറേഞ്ചിൽ മൊട്ടക്കുന്നുകള്‍ കരിഞ്ഞുണങ്ങിയതോടെ തീ പടര്‍ന്ന് പിടിക്കുകയാണ്. മുൻവർഷങ്ങളിൽ കാട്ടുതീ മൂലം ജില്ലയിൽ ഏറ്റവുമധികം നാശനഷ്‌ടമുണ്ടായ മേഖലകളിൽ കഴിഞ്ഞ മാസം ആദ്യം അഗ്നിശമന സേന ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാൽ ഇവിടങ്ങളിലെല്ലാം കാട്ടുതീ വ്യാപകമായ നാശനഷ്‌ടമാണ് വരുത്തുന്നത്. മുൻ വർഷങ്ങളിൽ ഇടുക്കി ജില്ലയില്‍ കാട്ടുതീ ഏറ്റവും അധികം നാശം വിതച്ചത് രാമക്കൽമേട്, കൈലാസപ്പാറ മലനിരകൾ, ഉടുമ്പൻചോല തുടങ്ങിയ ഇടങ്ങളിലാണ്. ഈ മേഖലകളിൽ മാത്രം 43 വലിയ തീപിടിത്തങ്ങളാണ് കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ ഉണ്ടായത്.