ഇടുക്കി: മധ്യവേനൽ അവധി ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ തിരക്ക് വർധിച്ചു. ഈസ്റ്റർ, വിഷു ആഘോഷങ്ങള്‍ കൂടി വരുന്നതോടെ സഞ്ചാരികൾ കൂടുതലായി മൂന്നാറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. മധ്യവേനല്‍ അവധി ആഘോഷങ്ങൾക്കായി ഹോം സ്റ്റേകളിലും റിസോർട്ടുകളിലുമെല്ലാം സഞ്ചാരികളുടെ ബുക്കിങ് തുടരുകയാണ്.
ക്രിസ്‌തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് കുറഞ്ഞിരുന്നു. വേനൽച്ചൂടിന് അറുതി വരുത്തി പെയ്‌ത വേനൽ മഴ മൂന്നാറിന്‍റെ സൗന്ദര്യം വർധിപ്പിച്ചിട്ടുണ്ട്. അടച്ചിടലിന് ശേഷം ഇരവികുളം ദേശീയോദ്യാനം തുറന്നതും സഞ്ചാരികളുടെ വരവ് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.
മൂന്നാറിന് പുറമെ വട്ടവട, മറയൂർ, മാങ്കുളം തുടങ്ങിയ ഇടങ്ങളിലും സഞ്ചാരികളുടെ തിരക്ക് വർധിച്ചു. അയൽ സംസ്ഥാനങ്ങൾക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നും സഞ്ചാരികൾ കൂടുതലായി മൂന്നാറിലേക്കെത്തുന്നുണ്ട്. മൂന്നാറിലേക്ക് യാത്ര പോകുന്നവര്‍ക്ക് ആസ്വദിക്കാന്‍ നിരവധി സ്ഥലങ്ങള്‍ മൂന്നാറിനെ ചുറ്റിപ്പറ്റി ഉണ്ട്. ചുരുങ്ങിയ ദിവസം കൊണ്ട് ഒന്നിലധികം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാമെന്നത് മൂന്നാര്‍ യാത്രയുടെ പ്രധാന പ്രത്യേകതയാണ്. മൂന്നാറിലേക്ക് യാത്ര പോകുന്നവര്‍ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങള്‍ ഇതാ,
ഇരവികുളം നാഷണല്‍ പാര്‍ക്ക്: മൂന്നാറിനോട് ചേര്‍ന്നുള്ള ഒരു പ്രധാന ആകര്‍ഷണമാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നീലഗിരി താര്‍ എന്ന ജീവിവര്‍ഗത്തിന്‍റെ പേരില്‍ പ്രശസ്‌തമാണ് ഈ ദേശീയ ഉദ്യാനം. 97 ചതുരശ്ര കിലോമീറ്റര്‍ പരന്ന് കിടക്കുന്ന ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ അപൂര്‍വമായ നിരവധി ചിത്രശലഭങ്ങളെയും കാണാനാകും. ട്രക്കിങ് ഇഷ്‌ടപ്പെടുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന സ്ഥലം കൂടിയാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക്.