ഇടുക്കി: പാലം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ യുവാവിന്‍റെ ആത്മഹത്യ ഭീഷണി. വാഗമണ്‍ നാരകക്കുഴി സ്വദേശി പുത്തന്‍പുരക്കല്‍ അനീഷാണ് നിര്‍മാണം നിലച്ച വാഗമണ്‍ കോട്ടമല റൂട്ടില്‍ നാരകക്കുഴിയിലെ വലിയ തോടിന് കുറുകെയുള്ള പാലത്തിന്‍റെ തൂണില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ജനപ്രതിനിധികള്‍ സ്ഥലത്തെത്തി പാലം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കി അനുനയിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവാവിനെ താഴെയിറക്കിയത്.
പാലത്തിന് വേണ്ടി നിര്‍മിച്ച തൂണില്‍ വടമുപയോഗിച്ച് കയറിയാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്. 2014ലാണ് പാലം നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ 12 ലക്ഷം രൂപ മുടക്കി കാലുകള്‍ മാത്രം നിര്‍മിച്ചെങ്കിലും പിന്നീട് നിര്‍മാണം നിലച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അധികൃതരോ ജനപ്രതിനിധികളോ ഇടപെടല്‍ നടത്തിയില്ല.