ഇടുക്കി : മൂന്നാർ മുതിരപ്പുഴയാറിന്‍റെ തീരത്ത് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് ശ്രദ്ധേയരായി വിദ്യാർഥികൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പാഠ്യപദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ നട്ടത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കന്‍ സ്‌കൂള്‍ ഓഫ് മുംബൈയിലെ 15 പേര് അടങ്ങുന്ന വിദ്യാർഥി സംഘമാണ് മൂന്നാർ ഗവ.സ്‌കൂളിലെ വിദ്യാർഥികൾക്ക് ഒപ്പം തൈകൾ നട്ടത്.
വിദ്യാർഥികളിൽ സാമൂഹ്യസേവനത്തിന്‍റെ ആവശ്യകത മനസിലാക്കുന്നതിനായി എല്ലാ വര്‍ഷവും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാറുണ്ട്. പൊതുവായ സേവനം നാടിന്‍റെ വികസനത്തിന് എന്ന ആശയം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന പദ്ധതികളില്‍ വിദ്യാർഥികൾക്കാണ് മുന്‍ഗണന. ഇതിന്‍റെ ഭാഗമായി മൂന്നാറിന്‍റെ ജീവനാഡിയായ മുതിരപ്പുഴയുടെ സമീപപ്രദേശങ്ങള്‍ ഫലവൃക്ഷം കൊണ്ട് നിറയ്ക്കുന്നതോടൊപ്പം സ്‌കൂള്‍ പരിസരങ്ങള്‍ വൃത്തിയാക്കി ഇവിടം പഴവര്‍ഗ്ഗ തോട്ടമായി മാറ്റുകയാണ് കുട്ടികളുടെ ലക്ഷ്യം.