ഇടുക്കി: കോളജിലെ ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റാഗ് ചെയ്‌തതായി പരാതി. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി നെടുങ്കണ്ടം സ്വദേശി നന്ദുവാണ് റാഗിങ്ങിനിരയായത്. ക്യാമ്പസിന് പുറത്ത് വച്ചും സീനിയര്‍ വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്‌തതായി വിദ്യാര്‍ഥി ആരോപിച്ചു.
വ്യാഴാഴ്‌ച ലബ്ബക്കടയിലുള്ള ജെപിഎം കോളജില്‍ ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. മദ്യപിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളുമായി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് വിദ്യാര്‍ഥികളെ കൈയേറ്റം ചെയ്യുകയുമായിരുന്നു.
സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ് ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ജൂനിയര്‍ വിദ്യാര്‍ഥികള്‍ കോളജ് അധികൃതരെ സമീപിച്ചു. തുടര്‍ന്ന് അധ്യാപകര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ത്തു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കോളജില്‍ സമാന സംഭവം ഉണ്ടായതോടെ വിദ്യാര്‍ഥികള്‍ പൊലീസില്‍ വിവരം അറിയിച്ചു.