ഇടുക്കി: പുതുവത്സരത്തോടനുബന്ധിച്ച് ഹൈറേഞ്ചിൽ റിസോർട്ടുകളും ടൂറിസം സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന നിശാപാർട്ടികൾക്ക് ജില്ലാ ഭരണകൂടത്തിന്‍റെ കർശന നിയന്ത്രണം. റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തിൽ പൊലീസ് എക്സൈസ് വകുപ്പുകളുടെ സഹായത്തോടെ 31ന് രാവിലെ മുതൽ മേഖലയിൽ കർശന നിരീക്ഷണമുണ്ടാകും. ചിന്നക്കനാൽ, ശാന്തൻപാറ, ചതുരംഗപ്പാറ, രാമക്കൽമേട് അണക്കര നെടുങ്കണ്ടം മേഖലകൾ കേന്ദ്രീകരിച്ച് റിസോർട്ടുകളിൽ നിശാപാർട്ടികൾ നടത്താൻ നീക്കം നടക്കുന്നതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ഭരണകൂടത്തിന്‍റെ നടപടി.
ഇടുക്കിയിൽ നിശാപാർട്ടികൾക്ക് കർശന നിയന്ത്രണം - idukki
ചിന്നക്കനാൽ, ശാന്തൻപാറ, ചതുരംഗപ്പാറ, രാമക്കൽമേട് അണക്കര നെടുങ്കണ്ടം മേഖലകൾ കേന്ദ്രീകരിച്ച് റിസോർട്ടുകളിൽ നിശാപാർട്ടികൾ നടത്താൻ നീക്കം നടക്കുന്നതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ഭരണകൂടത്തിന്‍റെ നടപടി

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള യാതൊരു വിധ ഒത്തുചേരലുകൾക്കും പുതുവത്സര രാത്രിയിൽ അനുമതിയില്ല. റവന്യൂ വകുപ്പിന്‍റെയും എക്സൈസ് ഇന്‍റലിജൻസിന്‍റെയും പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിന്‍റെയും നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്‌ചയായി റിസോർട്ടുകൾ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം നടന്നു വരികയായിരുന്നു. അതാത് മേഖലകളിൽ തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നിരീക്ഷിക്കുന്നത്.
നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കും. ക്രിസ്‌മസ്, പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ അതിര്‍ത്തി മേഖലയില്‍ രണ്ട് കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 1000 ലിറ്റര്‍ കോടയും, 25 ലിറ്റര്‍ ചാരായവും, 150 ലിറ്റര്‍ വിദേശ മദ്യവും, അഞ്ച് കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.