ഇടുക്കി: കുമളിയിൽ തെരുവുനായ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. വലിയകണ്ടം, ഒന്നാം മൈൽ, രണ്ടാം മൈൽ എന്നീ പ്രദേശങ്ങളിലെ ആളുകൾക്കാണ് നായയുടെ കടിയേറ്റത്. പുലര്‍ച്ചെ പാലുവാങ്ങാനും ജോലിക്കുമായി പുറത്തിറങ്ങിയ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകളെയാണ് തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചത്.
കുമളിയിൽ തെരുവുനായ ആക്രമണം; ഏഴ് പേർക്ക് പരിക്ക്
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉപ്പുതറയിലും കട്ടപ്പന നിർമല സിറ്റിയിലും ആളുകൾക്ക് നേരെ തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. വളർത്തുമൃഗങ്ങൾക്ക് നേരെയും തെരുവുനായ ആക്രമണം ഉണ്ടായിരുന്നു.
വലിയകണ്ടം സ്വദേശികളായ പൊന്നുത്തായി, രാജേന്ദ്ര ലാല്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. ഫൈജുല്‍ ഇസ്‌ളാം, മൂര്‍ത്തി, മോളമ്മ എന്നിവർ ഉൾപ്പെടെയുള്ള മറ്റ് അഞ്ച് പേർക്കും ആക്രമണത്തിൽ പരിക്കേറ്റു. കുമളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം പ്രതിരോധ വാക്‌സിന്‍ എടുക്കുന്നതിനായി ഇവരെ കട്ടപ്പന ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരെയും ആക്രമിച്ചത് ഒരേ നായ തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉപ്പുതറയിൽ ആറ് പേർക്കും കട്ടപ്പന നിർമല സിറ്റിയിൽ രണ്ട് പേർക്കും തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം തൊടുപുഴ ഇഞ്ചിയാനിയില്‍ വീട്ടുവളപ്പില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെ തെരുവുനായ കടിച്ചുകൊന്നിരുന്നു.