ഇടുക്കി: മറയൂര്‍ മേഖലയില്‍ പരിശോധന കര്‍ശനമായതോടെ ചന്ദന മോഷ്ടാക്കള്‍ ഹൈറേഞ്ചിലെ പട്ടം കോളനിയില്‍ പിടിമുറുക്കുന്നു. സ്വകാര്യ ഭൂമിയില്‍ നിന്നടക്കം രണ്ട് വര്‍ഷത്തിനുള്ളില്‍ നഷ്ടപ്പെട്ടത് നിരവധി ചന്ദനമരങ്ങള്‍. മുണ്ടിയെരുമ വില്ലേജ് ഓഫീസ് വളപ്പില്‍ നിന്നിരുന്ന ചന്ദന മരം കഴിഞ്ഞ ദിവസം മോഷ്ടാക്കള്‍ അപഹരിച്ചു. മറയൂരിലെ ചന്ദനക്കാടുകള്‍ ഒരുകാലത്ത് വനം കൊള്ളക്കാരുടെ പ്രധാന വിഹാര കേന്ദ്രമായിരുന്നു. എന്നാല്‍ മേഖലയിലെ ആദിവാസി വിഭാഗത്തിലുള്ളവരെയും ഉള്‍പ്പെടുത്തി വനം വകുപ്പ് നിരീക്ഷണം കര്‍ശനമാക്കിയതോടെ ചന്ദനം വെട്ടി കടത്തുന്നതില്‍ കുറവ് വന്നിട്ടുണ്ട്.
പാമ്പാടുംപാറ വില്ലേജ് ഓഫീസ് വളപ്പില്‍ നിന്നും ചന്ദനമരം നഷ്ടപ്പെട്ടു - ചന്ദന മോഷ്ടാക്കള്‍
മേഖലയിൽ സ്വകാര്യ ഭൂമിയില്‍ നിന്നടക്കം രണ്ട് വര്‍ഷത്തിനുള്ളില്‍ നഷ്ടപ്പെട്ടത് 100 ലധികം ചന്ദനമരങ്ങൾ
![പാമ്പാടുംപാറ വില്ലേജ് ഓഫീസ് വളപ്പില്‍ നിന്നും ചന്ദനമരം നഷ്ടപ്പെട്ടു Stealing of Sandalwood in Pampadumpara village Marayoor sandwood stealing theft in marayoor ചന്ദന മോഷ്ടാക്കള്‍ പട്ടം കോളനി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10132739-thumbnail-3x2-sdg.jpg)
എന്നാല്‍ ഹൈറേഞ്ചിലെ പട്ടം കോളനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ചന്ദനം മോഷ്ടിക്കപ്പെടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുണ്ടിയെരുമയില്‍ പ്രവര്‍ത്തിക്കുന്ന പാമ്പാടുംപാറ വില്ലേജ് ഓഫീസ് വളപ്പില്‍ നിന്നും മരം നഷ്ടപ്പെട്ടു. മെഷീന്‍ വാള്‍ ഉപയോഗിച്ച് മരം രാത്രിയില്‍ മുറിച്ച് നീക്കുകയായിരുന്നു. ശിഖിരങ്ങളോട് കൂടിയ മുകള്‍ ഭാഗം പ്രദേശത്ത് ഉപേക്ഷിച്ച് കാതല്‍ അടങ്ങിയ തായ് തടി വെട്ടികടത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് മുണ്ടിയെരുമയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന ചന്ദന മരം അപഹരിക്കപ്പെട്ടിരുന്നു. പട്ടം കോളനിയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി ചന്ദനമരങ്ങളുണ്ട്. റവന്യു ഭൂമിയില്‍ വളരുന്ന ചന്ദന മരങ്ങള്‍ ഉള്‍പ്പടെയാണ് മോഷ്ടാക്കള്‍ രാത്രിയുടെ മറവില്‍ അപഹരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 100 ലധികം ചന്ദനമരങ്ങള്‍ വിവിധ മേഖലകളില്‍ നിന്നായി നഷ്ടപ്പെട്ടിട്ടുണ്ട്.