എറണാകുളം : കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിനും കേസെടുക്കാമെന്ന് ഹൈക്കോടതി. അഴിമതി നിരോധന നിയമ പ്രകാരവും അതുമായി ബന്ധപ്പെട്ട ഐപിസി നിയമ പ്രകാരവും കേസ് എടുക്കാം. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് മാത്രമേ കേസെടുക്കാനാവൂ എന്ന് നിയമമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിക്കുന്നതിന് വിജിലൻസ് മാനുവൽ തടസമല്ലെന്നും മാനുവൽ അന്വേഷണം നടത്താനുള്ള മാർഗ രേഖ മാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് മാത്രമേ കേസെടുക്കാനാവൂ എന്ന് നിയമമില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിൽ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് 2016 ൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും പുതിയ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. കോട്ടയം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഭവന നിർമ്മാണ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
തട്ടിപ്പ് ഇങ്ങനെ : ഭവന പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ഒരു ലക്ഷത്തി എൺപത്തയ്യായിരം രൂപ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ ഉദ്യോഗസ്ഥർ ഗ്രാമസേവികയുമായി ചേർന്ന് തിരിമറി നടത്തിയതായിരുന്നു കേസ്. തുടർന്ന് വിജിലൻസ് കോട്ടയം യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി.
ഔദ്യോഗിക കൃത്യവിലോപം, കുറ്റകരമായ ഗൂഢാലോചന, ചതിക്കൽ, ചതിക്കുന്നതിനുള്ള വ്യാജരേഖ നിർമാണം, വ്യാജരേഖ യഥാർഥമെന്ന പോലെ ഉപയോഗിക്കൽ, രേഖകൾ നശിപ്പിക്കൽ, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകൾ പ്രകാരം കോട്ടയം വിജിലൻസ് സ്പെഷ്യൽ കോടതിയിലാണ് കുറ്റപത്രം ഫയൽ ചെയ്തത്.
കേസിൽ അഴിമതി നിരോധന നിയമപ്രകാരം ബാങ്ക് ഉദ്യോഗസ്ഥരെ പ്രതി ചേർത്തായിരുന്നു വിജിലൻസിന്റെ കുറ്റപത്രം. എന്നാൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിന് കേസെടുക്കാൻ അധികാരമില്ലെന്ന വാദം അംഗീകരിച്ച് ഉദ്യോഗസ്ഥരെ കോട്ടയം വിജിലൻസ് കോടതി കേസിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഈ ഉത്തരവിനെതിരെയാണ് വിജിലൻസ് ഹൈക്കോടതിയെ സമീപിച്ചത്. അഴിമതി കേസിൽ രണ്ട് മുതൽ നാല് വരെയുള്ള പ്രതികളെ ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥരോട് വിചാരണ നേരിടാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
വിജിലൻസ് മാനുവലിലെ നിർദേശം : സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെയും മറ്റു ജീവനക്കാരുടെയും അഴിമതിക്കും കൃത്യവിലോപത്തിനും എതിരെ നടപടി എടുക്കുക എന്നതാണ് സംസ്ഥാന വിജിലൻസിന്റെ ചുമതല എന്നാണ് വിജിലൻസ് മാനുവലിലെ മാർഗ നിർദേശം. കേന്ദ്ര സർക്കാർ ജീവനക്കാർക്കെതിരെയുള്ള കേസുകൾ സിബിഐയേയോ മറ്റ് ബന്ധപ്പെട്ട ഏജൻസികളേയോ അറിയിക്കേണ്ട ചുമതല മാത്രമേ വിജിലൻസിനുള്ളൂ എന്നും മാനുവലിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ നിയമപ്രകാരമാണ് ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി 2016ൽ കേരള ഹൈക്കോടതി ഉത്തരവിറക്കിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് 2016 ൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് പുതിയ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.