ഇടുക്കി: ജില്ലയിൽ കർഷക ചന്ത എന്ന പേരിൽ പഴം-പച്ചക്കറി വിപണിക്ക് തുടക്കം കുറിച്ച് സംസ്ഥാന സർക്കാർ. ഓണക്കാലത്തെ പഴം പച്ചക്കറികളുടെ വിലക്കയറ്റം നിയന്ത്രിക്കുക, അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷലിപ്‌തമായ പച്ചക്കറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ജില്ലയിലെ കർഷകർക്ക് മെച്ചപ്പെട്ട വില നൽകി പച്ചക്കറി സംഭരിക്കുക, പൊതുവിപണിയേക്കാൾ വിലക്കുറവിൽ പച്ചക്കറികൾ ജനങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കൃഷിവകുപ്പ് മുഖേന പഴം-പച്ചക്കറി വിപണിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ജില്ലയിലെ 52 കൃഷിഭവനുകളിലായി 96 പഴം പച്ചക്കറി വിപണികളാണ് ഓണത്തിനോട് അനുബന്ധിച്ചു പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ജില്ലയിലെ ശീതകാല പച്ചക്കറി കലവറയായ വട്ടവട, മറയൂർ, കാന്തല്ലൂർ മേഖലകളിലെ കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും ജില്ലയുടെ വിവിധ മേഖലകളിൽ സുഭിക്ഷം, സുരക്ഷിതം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്ത പച്ചക്കറികളും പഴവർഗങ്ങളുമാണ് വിപണി വഴി വിറ്റഴിക്കുന്നത്. പൊതുവിപണിയേക്കാൾ പത്ത് ശതമാനം അധിക വില നൽകി കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികൾ മുപ്പത് ശതമാനം വിലക്കുറവിലാണ് ജനങ്ങൾക്ക് നൽകുന്നത്.