ഇടുക്കി : മുണ്ടിയെരുമയില്‍ തോട്ടം തൊഴിലാളികളായ സ്ത്രീകളുടെ ദേഹത്ത് കീടനാശിനി തളിച്ചതായി പരാതി. മുണ്ടിയെരുമ സ്വദേശി ദീപു, മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് കീടനാശിനി തളിച്ചതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇവര്‍ ചികിത്സയിലാണ്.
ഓഗസ്റ്റ് 31നായിരുന്നു സംഭവം. മുണ്ടിയെരുമയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ആറ് സ്ത്രീ തൊഴിലാളികള്‍ ചേര്‍ന്ന് ഏലക്ക പറിക്കുകയായിരുന്നു. ഈ സമയം സമീപത്തെ തോട്ടം ഉടമ ഏലത്തിന് കീടനാശിനി പ്രയോഗിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഇവര്‍ ചോദ്യം ചെയ്‌തു.
ശാരീരിക അസ്വസ്ഥതകള്‍ മാറിയിട്ടില്ലെന്ന് തൊഴിലാളികള്‍
ഇതേ തുടര്‍ന്ന്, ഇയാള്‍ തങ്ങളുടെ ദേഹത്തേയ്ക്ക് പമ്പ് ഉപയോഗിച്ച് കീടനാശിനി തളിയ്‌ക്കുകയായിരുന്നുവെന്ന് പരാതിക്കാരായ സ്ത്രീകള്‍ പറയുന്നു. സംഭവ സമയത്ത് ഒരാള്‍ കുഴഞ്ഞുവീണു. തുടര്‍ന്ന്, ഇവരെ ആശുപത്രിയില്‍ എത്തിച്ചു. മുണ്ടിയെരുമയിലെ പ്രാഥമിക ചികിത്സയ്‌ക്കുശേഷം, ഇവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു.
തോട്ടം തൊഴിലാളികളുടെ ദേഹത്ത് കീടനാശിനി തളിച്ചതായി പരാതി സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ശാരീരിക അസ്വസ്ഥതകള്‍ മാറിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. നിലവില്‍ ഇവര്‍ തുടര്‍ ചികിത്സയിലാണ്. ദേഹാസ്വാസ്ഥ്യം ഉള്ളതിനാല്‍ തൊഴിലിടത്തില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയുമാണ്.
ആഴ്ചകള്‍ക്ക് മുന്‍പ് ദീപു, ഏലക്ക പറിക്കുന്നതിനായി തൊഴിലാളികളോട് തന്‍റെ പറമ്പിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആവശ്യപ്പെട്ട ദിവസം തൊഴിലിന് എത്താനാവില്ലെന്ന് അറിയിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ALSO READ:ഏലം ലേല കമ്പനികൾ തമിഴ്‌നാട്ടിലേക്ക് ; സ്‌പൈസസ് ബോര്‍ഡിനെതിരെ കര്‍ഷകര്‍