ഇടുക്കി: ഏലയ്ക്ക ലേലത്തില്‍ സ്‌പൈസസ് ബോര്‍ഡിന്‍റെ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നു. ഒരു ലേലത്തില്‍, പരമാവധി പതിയ്ക്കാവുന്ന ഏലയ്ക്കായുടെ അളവ് 65,000 കിലോ ആയി നിജപെടുത്തി. ലേലത്തില്‍ എത്തുന്ന ഏലയ്ക്കായുടെ 70 ശതമാനവും കര്‍ഷകരുടേതാവണമെന്നും നിബന്ധന. ഏലയ്ക്കായുടെ വില അനിയന്ത്രിതമായി ഇടിയുന്ന സാഹചര്യത്തില്‍ ഒരു മാസത്തേയ്ക്കാണ് പുതിയ പരിഷ്‌കരണങ്ങള്‍ സ്‌പൈസസ് ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഏലക്കായ്ക്ക് 700 മുതല്‍ 900 രൂപവരെയാണ് നിലവില്‍ വില ലഭിയ്ക്കുന്നത്. മുന്‍പ് ലേലത്തില്‍ എത്തിച്ച ഏലയ്ക്ക വീണ്ടും ലേലത്തില്‍ എത്തിയ്ക്കുന്നതാണ് വിലയിടിവിന് കാരണമെന്നാണ് കര്‍ഷകരുടെ ആരോപണം. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഒരു മാസത്തേയ്ക്ക് ലേലത്തില്‍ പതിയ്ക്കാവുന്ന ഏലയ്ക്ക 65,000 കിലോ ആയി നിജപെടുത്തിയിരിക്കുന്നത്. ഇതോടെ റീപൂളിങ് അവസാനിപ്പിയ്ക്കുമെന്നാണ് പ്രതീക്ഷ.