ഇടുക്കി:കാലവര്‍ഷക്കെടുതി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മൂന്നാറില്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ചര്‍ച്ച് ഓഡിറ്റോറിയം ക്യാമ്പില്‍ നിലവില്‍ 44 പേരെ താമസിപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് അന്തോണിയാര്‍ കോളനിയില്‍ നിന്നടക്കമുള്ള കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളത്.
ദുരന്ത നിവാരണ സേന മൂന്നാറില്‍
എം.ജി കോളനിയില്‍ നിന്നുള്ള ചില കുടുംബങ്ങളേയും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. 114 പേര്‍ ബന്ധുവീടുകളിലേക്ക് മാറി. കൊവിഡ് സുരക്ഷ മാനദണ്ഡം പാലിച്ചാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളവരെ ഞായറാഴ്ച്ച കൊവിഡ് പരിശോധനക്ക് വിധേയരാക്കി. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ ദുരന്തനിവാരണ സേനയെത്തി.
ക്യാമ്പ് ചെയ്യുന്നത് 25 അംഗ സംഘം
മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ ദേവികുളം റോഡില്‍ മണ്ണ് നീക്കം ചെയ്ത് ടെലിഫോണ്‍ ബന്ധം പുനസ്ഥാപിക്കുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തനിവാരണ സേന നേതൃത്വം നല്‍കി. ആലപ്പുഴയില്‍നിന്നുള്ള 25 അംഗ സംഘമാണ് മൂന്നാറിലെത്തി ക്യാമ്പ് ചെയ്യുന്നത്. മഴ തുടര്‍ന്നാല്‍ പലയിടങ്ങളിലും മണ്ണിടിയാനുള്ള സാധ്യതയുണ്ട്.
നേരത്തേ പെട്ടിമുടിയിലുണ്ടായ ദുരന്തത്തില്‍ എന്‍.ഡി.ആര്‍.എഫിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസും ദേവികുളം എം.എല്‍.എ അഡ്വ. എ രാജയും മൂന്നാറിലെ ക്യാമ്പ് സന്ദര്‍ശിച്ചു. ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ, ദേവികുളം തഹസില്‍ദാര്‍ ആര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നാറിലും സമീപമേഖലകളിലും സുരക്ഷ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്.
ALSO READ:ഐ.എൻ.എൽ പിളർന്നു; പരസ്‌പരം പുറത്താക്കി അബ്ദുല്‍ വാഹാബും കാസിം ഇരിക്കൂറും